jio 800x100
jio 800x100
728-pixel-x-90
<< >>

ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു

കൊച്ചി: കേരളത്തിന്റെ നീതി സൂര്യന്‍ അസ്തമിച്ചു.പ്രമുഖ നിയമജ്ഞനും ജനകീയ പ്രശ്‌നങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു.വ്യാഴാഴ്ച്ച പകല്‍ 3.30 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 24 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു.

1915 നവംബര്‍ 15ന് പാലക്കാട് വൈദ്യനാഥപുരം വി വി രാമയ്യരുടെയും നാരായണി അമ്മാളിന്റെയും മകനായി ജനിച്ചു.അഭിഭാഷകനായിരുന്നു പിതാവ്.ആ പാത പിന്തുടര്‍ന്നാണ് കൃഷ്ണയ്യരും നിയമത്തിന്റെ വിഴിയേ സഞ്ചരിക്കാന്‍ തുടങ്ങിയത്.അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ പഠനം പൂർ‌ത്തിയാക്കി.തൊഴിലാളികളുടെ കേസ് വാദിച്ചാണ് സോഷ്യലിസത്തിലേക്ക് കടന്നത്.1952-ൽ മദ്രാസ് നിയമസഭാംഗവും 1957-ൽ കേരള നിയമസഭാംഗവുമായി. ഇ എം എസ് മന്ത്രിസഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മന്ത്രിയായിരുന്ന അദ്ദേഹം 1968-ൽ ഹൈക്കോടതി ജഡ്ജിയും 1970ൽ ലോ കമ്മിഷൻ അംഗവുമായി. 1973 മുതൽ 1980 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു.

ഇക്കാലയളവിൽ നാനൂറിലധികം വിധികള്‍ പുറപ്പെടുവിച്ചിരുന്നു.മോത്തീറാം കേസില്‍ വിധി പ്രഖ്യാപിച്ചുകൊണ്ട്‌ പാവപ്പെട്ടവനു ജാമ്യം അന്യമാകരുതെന്ന് കൃഷ്ണയ്യർ പറഞ്ഞു. അതിനുശേഷമാണ്‌ ജാമ്യ വ്യവസ്ഥകള്‍ ഉദാരമാക്കാൻ തുടങ്ങിയത്.പട്ടിക ജാതിയില്‍പ്പെട്ടവരെ ജഡ്‌ജിമാരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, നിയമമന്ത്രി, ചീഫ്‌ ജസ്‌റ്റീസ്‌ എന്നിവർക്ക് കൃഷ്ണയ്യർ എഴുതിയ കത്തുകള്‍ പ്രസിദ്ധമാണ്‌.

ഒരു രൂപ പോലും പ്രതിഫലം പറ്റാതെ നിരവധി കമ്മിഷനകളുടെ അദ്ധ്യക്ഷനായും കൃഷ്‌ണയ്യര്‍ പ്രവർത്തിച്ചു. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട നിയമപരിഷ്‌കാര കമ്മിഷന്‍ വിപ്ലവകരമായ നിദ്ദേശങ്ങളാണ് സർക്കാരിനോട് ശുപാ‍ർശ ചെയ്തത്.

സംഗീതത്തിലും താൽപര്യമുള്ളയാളായിരുന്നു കൃഷ്ണയ്യർ അണ്ണാമലൈ സർവകലാശാലയിൽ  പഠിക്കുന്ന കാലത്ത്‌ സംഗീത വിരുന്നുകളില്‍ പങ്കെടുത്തിരുന്നു.ഭാര്യ ശാരദയില്‍ നിന്നും വീണവായന അഭ്യസിച്ച അദ്ദേഹം പുലര്‍ച്ചെ നാലിനെഴുന്നേറ്റ് വീണവായിക്കുന്ന പതിവുണ്ടായിരുന്നു.എന്നാല്‍ ഭാര്യയുടെ മരണശേഷം ഈ പതിവ് നിര്‍ത്തിവച്ചു.

നൂറ്റിയ‍ഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നീതിന്യായം, നിയമം എന്നീ മേഖലയിൽ പെടുന്നവയാണ് ഭൂരിഭാഗവും. വാണ്ടറിംഗ് ഇൻ മെനി വേൾഡ്സ് (Wandering in Many Worlds)​ എന്നതാണ് കൃഷ്ണയ്യരുടെ ആത്മകഥ. ”ലൈഫ് ആഫ്‌റ്റർ ഡെത്ത് ” എന്ന കൃതിയും ശ്രദ്ധേയമാണ്.

സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ്,​ ശ്രീ ജഹാംഗീർ ഗാന്ധി മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾ കൃഷ്ണയ്യർക്ക് ലഭിച്ചിട്ടുണ്ട്. 1995-ൽ ഇന്റർനാഷണൽ ബാർ കൗൺസിൽ,​ കൃഷ്ണയ്യരെ  “ലിവിംഗ് ലജൻഡ് ഒഫ് ലോ” (Living Legend Of Law) എന്ന ബഹുമതി നൽകി ആദരിച്ചു. 1999ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. റഷ്യൻ സർക്കാർ “ഓർഡർ ഒഫ് ഫ്രണ്ട്ഷിപ്പ്” അവാർഡും നൽകി ആദരിച്ചു.

ഇക്കഴിഞ്ഞ നവംബർ 15ന് കൃഷ്ണയ്യരുടെ നൂറാം പിറന്നാൾ ആഘോഷിച്ചിരുന്നു.രണ്ട് പുത്രന്മാരുണ്ട്.

INDIANEWS24 KOCHI

Leave a Reply