728-pixel-x-90-2-learn
728-pixel-x-90
<< >>

ജറുസലേമിനെ തലസ്ഥാനമാക്കിയ നടപടിയില്‍ ലോകരാജ്യങ്ങള്‍ക്ക് വിയോജിപ്പ്

ന്യൂയോര്‍ക്ക്: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ ലോകരാജ്യങ്ങളുടെ എതിര്‍പ്പ്. വിവാദ പ്രഖ്യാപനം വന്നതിന് പിന്നാലെ വെസ്റ്റ് ബാങ്കില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ലോകവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ ഐക്യരാഷ്ട്രസഭ അടിയന്തരയോഗം ചേരും. നിലപാട് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

പരമ്പരാഗതമായി അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുന്ന സഖ്യരാഷ്ട്രങ്ങളടക്കം ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തിരിക്കുകയാണ്. അന്യായവും നിരുത്തരവാദപരവും എന്നാണ് സൗദി അറേബ്യ വിമര്‍ശിച്ചത്. അതേസമയം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ തീരുമാനത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചു. അമേരിക്കന്‍ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഏംഗല മാര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് എന്നിവര്‍ വ്യക്തമാക്കി. ട്രംപിന്റെ തീരുമാനം ഉല്‍കണ്ഠയോടെയാണ് കാണുന്നതെന്ന് റഷ്യ പ്രസ്താവിച്ചു.

യു എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ബ്രിട്ടനും ഫ്രാന്‍സും താല്‍ക്കാലിക അംഗങ്ങളായ ബൊളീവിയ, ഈജിപ്റ്റ്, ഇറ്റലി, സെനഗല്‍, സ്വീഡന്‍, ഉറുഗ്വേ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരണമെന്ന് ആവശ്യപ്പെട്ടത്. അങ്ങേയറ്റത്തെ ഉല്‍കണ്ഠയുടെ സമയമാണിതെന്നും വിഷയം നേരിട്ട് ചര്‍ച്ച ചെയ്യുമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.

INDIANEWS24.COM Internatinal Desk

Leave a Reply