ന്യൂയോര്‍ക്ക്: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയ്ക്ക് ഐക്യരാഷ്ട്ര സഭയില്‍ വമ്പന്‍ തിരിച്ചടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ടുള്ള ഒമ്പത് വോട്ടിനെതിരെ 128 വോട്ടുകളോടെ യു എന്‍ പ്രമേയം പാസാക്കി. വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് ആദ്യം മുതലേ അമേരിക്കയ്ക്ക് എതിരാണ്.
ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടി പിന്‍വലിക്കണമെന്നും ഒരുരാജ്യവും ജറുസലമില്‍ എംബസി തുറക്കരുതെന്നും ആവശ്യപ്പെടുന്ന ദീര്‍ഘകാലത്തെ നിലപാടില്‍ യു എന്‍ ഉറച്ചു നിന്നു. ട്രംപിന്റെ പ്രഖ്യാപനത്തെ ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങി അടുത്ത സഖ്യരാജ്യങ്ങളടക്കം സമിതിയിലെ മറ്റു 14 അംഗങ്ങളും എതിര്‍ത്തു. തങ്ങളുടെ എംബസി എവിടെ സ്ഥാപിക്കണമെന്നു മറ്റു രാജ്യക്കാര്‍ പറയേണ്ടതില്ലെന്നും അമേരിക്ക അതിന്റെ പരമാധികാരം സംരക്ഷിക്കാന്‍ നിര്‍ബന്ധിതമാണെന്നും യു എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ വ്യക്തമാക്കി. കൂടാതെ തങ്ങളുടെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് അമേരിക്കന്‍ സഹായം വെട്ടിക്കുറയ്ക്കുമെന്ന് താക്കീതും നല്കി.
ട്രംപിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ത് അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു. ട്രംപ് പ്രസിഡന്റ് ആയശേഷമുള്ള ആദ്യത്തെ വീറ്റോയാണിത്. ആറു വര്‍ഷത്തിനിടെ അമേരിക്ക പ്രയോഗിക്കുന്ന ആദ്യത്തേതും. വീറ്റോയെ തുടര്‍ന്ന് യുഎന്‍ പൊതുസഭയുടെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാന്‍ പലസ്തീന് രംഗത്തിറങ്ങുകയായിരുന്നു.
INDIANEWS24.COM Newyork