ബെര്‍ലിന്‍: പോലീസിനെ തുടര്‍ച്ചയായി ഫോണ്‍ ചെയ്ത കുരുന്നിന്റെ മാതാപിതാക്കള്‍ക്ക് ജര്‍മന്‍ പോലീസിന്റെ വക ഫ്രീ ഉപദേശം. സമ്മാനമായി ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്നും ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ആറ് വയസ്സുകാരി തുടര്‍ച്ചയായി ഫോണ്‍ ചെയ്തത് ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ സുല്സ്ബാഷിലെ പോലീസിനെ ശരിക്കും വലച്ചു. ഇതേ തുടര്‍ന്ന് പോലീസ് ഫോണ്‍ ഉടമയെ കണ്ടെത്തുകയായിരുന്നു.
ക്രിസ്മസ് ദിവസം 19 തവണയാണ് പോലീസില്‍ ഫോണ്‍വിളി എത്തിയത്. എടുക്കുമ്പോഴെല്ലാം കൊച്ചുകുട്ടിയുടെ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. നിരവധി തവണയായപ്പോള്‍ പോലീസ് അത്യാഹിതമായിരിക്കാമെന്ന ആശങ്കയില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഉടമയെ കണ്ടുപിടിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ പേരിലായിരുന്നു കണക്ഷന്. പോലീസിനെ ഫോണിലൂടെ കബളിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെങ്കിലും ഫോണ്‍ എങ്ങനെ ഉപയോഗിക്കാമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തണമെന്ന് മാതാപിതാക്കളെ ഉപദേശിച്ച് തിരികെ പോയി.
INDIANEWS24.COM Berlin