728-pixel-x-90-2-learn
728-pixel-x-90
<< >>

ജാമ്യാപേക്ഷ തള്ളി; ജയ ജയിലില്‍ തന്നെ

ബംഗളുരു:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്‌നാടിന്റെ മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി.അഴിമതി,സാമ്പത്തിക ക്രമക്കേട് എന്നതിലുപരി ഗുരുതരമായ മനുഷ്യാവകാശ ലംഘനം കൂടി ജയക്കെതിരെ വ്യക്തമായ സ്ഥിതിയില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ജയലളിതയ്‌ക്കൊപ്പം കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളായ തോഴി ശശികല,വളര്‍ത്തുമകന്‍ വി എന്‍ സുധാകരന്‍,ശശികലയുടെ ബന്ധു ഇളവരശി എന്നിവര്‍ക്കും ജാമ്യം അനുവദിച്ചില്ല.

അതേസമയം ജാമ്യം നിഷേധിക്കുന്നത് നിലനില്‍ക്കുന്നതല്ലെന്ന് ജയലളിതയ്ക്ക് വേണ്ടി വാദിച്ച രാംജെഠ് മലാനി കോടതിയില്‍ വിശദമാക്കി.കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.ലാലുവിന് ആദ്യം ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

കഴിഞ്ഞ മാസം 27നാണ് ബംഗളുരുവിലെ പ്രത്യേക കോടതി ജയ ഉള്‍പ്പെടെ നാലുപേരെ തടവു ശിക്ഷയ്ക്ക് വിധിച്ചത്.ജയില്‍ ശിക്ഷയ്‌ക്കൊപ്പം ജയലളിത നൂറു കോടി രൂപയും മറ്റ് കുറ്റവാളികള്‍ പത്ത് കോടി വീതവും പിഴയടക്കാനും വിധിച്ചിരുന്നു.പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കേണ്ടിവരും.ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായ 1991- 1996 കാലഘട്ടത്തില്‍ അനധികൃതമായി 66.5 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്.തമിഴ്‌നാട്ടില്‍ പലയിടത്തുമായി ഭൂമി, ഹൈദരാബാദിലും ചെന്നൈക്കടുത്തുമുള്ള ഫാം ഹൗസുകള്‍, നീലഗിരിയിലെ തേയിലത്തോട്ടം, 28 കിലോഗ്രാം സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, 10,500 സാരികള്‍, 750 ജോഡി പാദരക്ഷകള്‍, 91 വാച്ചുകള്‍ എന്നിവ ജയലളിത ഇക്കാലയളവില്‍ സമ്പാദിച്ചെന്നാണ് കേസ്. സ്വര്‍ണവും വെള്ളിയും സാരികളും ചെരിപ്പുകളും 1997ല്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.

കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.സുപ്രീംകോടതി വിധി പ്രകാരം ശിക്ഷ പൂര്‍ത്തിയാക്കി ആറു വര്‍ഷം കഴിയാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

INDIANEWS24 BENGALURU

Leave a Reply