728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം നല്‍കി

ന്യൂഡല്‍ഹി:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.കൂട്ടുപ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്‌.ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തു, ജസ്റ്റീസുമാരായ മദന്‍ പി ലോകൂര്‍, എ കെ സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.കേസില്‍ അപ്പീല്‍ വാദം കേള്‍ക്കാന്‍ കര്‍ണാടക ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു.
ജയയുടെ തോഴി ശശികല,വളര്‍ത്തുമകന്‍ സുധാകരന്‍,ശശികലയുടെ ബന്ധു ഇളവരശി എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു.ജയലളിതയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഫലി എസ് നരിമാന്‍ ഹാജരായപ്പോള്‍ മറ്റ് മൂന്ന് പേര്‍ക്കും വേണ്ടി കെ ടി എസ് തുള്‍സിയാണ് ജാമ്യഹര്‍ജി നല്‍കിയത്.ജാമ്യം അനുവദിച്ച സുപ്രീംകോടതി പ്രതികള്‍ അപ്പീല്‍ നല്‍കുന്നത് അധികം താമസിപ്പിക്കരുതെന്ന് നിഷ്‌കര്‍ശിച്ചു.രണ്ട് മാസത്തിനുള്ളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീലിന്‍മേലുള്ള വിചാരണ തുടങ്ങമണെന്നും നിര്‍ദ്ദേശിച്ചു.ശിക്ഷ റദ്ദ് ചെയ്യാനാവശ്യമായ രേഖകള്‍ ഡിസംബര്‍ പതിനെട്ടിനകം സമര്‍പ്പിക്കണം, അല്ലാത്ത പക്ഷം ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.

ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഫലി നരിമാനോട് പ്രത്യേക നിഷകര്‍ഷകളാണ് നല്‍കിയത്.അപ്പീല്‍ വാദത്തില്‍ കാലതാമസം ഒഴിവാക്കാനാകണമെന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം.66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസ് പതിനെട്ട് വര്‍ഷം നീണ്ട വിചാരണ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഇത് പറഞ്ഞത്.അപ്പീലിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി രണ്ട് മാസത്തിനുള്ളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കണമെന്നും.തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ അപ്പീല്‍ ഹര്‍ജിയിന്‍മേല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴയണമെന്നും സുപ്രീംകോടതി നിഷ്‌കര്‍ഷിച്ചു.

ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയലളിതയുടെ പാര്‍ട്ടിയായ എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതും അതിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാനാകണമെന്ന് സുപ്രീംകോടതി പറഞ്ഞു.ഇതിനുള്ള ഉത്തരവാദിത്തം കൂടി ജയലളിതയ്ക്കുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.കേസില്‍ ജയക്കെതിരെ പ്രത്യേക കോടതിയുടെ ശിക്ഷാ വിധി വന്ന ദിവസങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ജസ്റ്റീസ് പുതിയ നിര്‍ദ്ദേശം അറിയിച്ചത്.ചെന്നൈ വിട്ട് മറ്റ് സ്ഥലങ്ങളില്‍ മാറി നില്‍ക്കാന്‍ പ്രതികള്‍ക്ക് അനുവാദമില്ല.

ഇക്കഴിഞ്ഞ സെപ്തംബര്‍ 27നാണ് അനധികൃത സ്വത്ത് സമ്പാധനക്കേസ് പരിഗണിച്ച ബംഗളുരുവിലെ പ്രത്യേക കോടതി ജയലളിത ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ശിക്ഷ വിധിച്ചത്.നാല് പേര്‍ക്കും നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.ഇതിനു പുറമെ ജയലളിതയ്ക്ക നൂറ് കോടി രൂപയുടെ പഴയും മറ്റുള്ളവര്‍ക്ക് പത്ത് കോടി രൂപ വീതം പിഴ ശക്ഷയും ചുമത്തിയിരുന്നു.ശിക്ഷാ വിധി വന്ന ദിവസം മുതല്‍ നാല് പ്രതികളും കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലാണ്.തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യഹര്‍ജ്ജി നല്‍കിയെങ്കിലും നീണ്ട അവധിയെ തുടര്‍ന്ന് കേസ് നീട്ടിവച്ചു.ഒക്ടോബര്‍ ഒമ്പതിന് ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറങ്ങി.ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ ജയയുടെ അനധികൃത സ്വത്ത് സമ്പാദനം മനുഷ്യാവകാശ ലംഘനമാണെന്നും അറിയിച്ചിരുന്നു.ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

INDIANEWS24.COM NEWDELHI

Leave a Reply