jio 800x100
jio 800x100
728-pixel-x-90
<< >>

ജയറാമിന്റെയും പ്രിയാമണിയുടെയും അതിഥികള്‍

ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന ചിത്രം ജയറാമിനും പ്രിയാമണിക്കുമായി കണ്ടിരിക്കാം.അതിഥികളെ സൃഷ്ടിച്ചവര്‍ വ്യക്തതയും യുക്തിഭദ്രതയും എന്ന സുപ്രധാന വസ്തുതകളില്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ അതിഥികള്‍ക്ക് വന്‍ വരവേല്‍പ്പ് ലഭിച്ചേനെ.മണിച്ചിത്രത്താഴ് തുറന്നു തന്ന വഴിയിലൂടെ യഥേഷ്ടം സഞ്ചരിക്കാനുള്ള “ചിലവ് കുറഞ്ഞ” ശ്രമം സിബിയെപ്പോലൊരു സംവിധായകന് ഒഴിവാക്കാമായിരുന്നു.സിബിയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കണ്ടിട്ട് എന്ന വ്യസനം സിബി ചിത്രങ്ങളുടെ ആരാധകര്‍ക്കും ആസ്വാദകര്‍ക്കും മരീചികയായി തുടരുന്നു.ലോഹിതദാസില്ലാതെ തനിക്ക് അസ്തിത്വമില്ല എന്ന് ഉറക്കെ വിളിച്ചു പറയുകയാണോ കൃതഹസ്തനായ ഈ സംവിധായകന്‍.സിബിക്ക് എന്തുകൊണ്ട് സ്വന്തം കഥകള്‍ക്കായി ശ്രമിച്ചുകൂടാ?

ജയറാം തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.തിരക്കഥയുടെ ന്യൂനതയില്‍ ചില രംഗങ്ങളില്‍ അസ്വഭാവികമായി അനുഭവപ്പെട്ടുവെങ്കിലും പ്രിയാമണിയുടെ പ്രകടനവും ഉജ്ജ്വലമായി.ഈ നടിയുടെ ശേഷികള്‍ ഉപയോഗപ്പെടുത്താന്‍ മലയാള സിനിമയ്ക്ക് കഴിയാതെപോകുന്നത് എന്തുകൊണ്ടാണ്.ഒരേ അച്ചില്‍ വാര്‍ത്തെടുക്കുന്ന കഥാപാത്രങ്ങളാണ് പ്രിയയ്ക്ക് ലഭിക്കുന്നത്.പലപ്പോഴും ഗെറ്റപ്പ് പോലും മാറുന്നില്ല.കണ്ണടയും മോഡേണ്‍ വേഷവുമൊക്കെയായി ഒരേ കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴും പ്രിയ അത് വ്യത്യസ്തമാക്കാനായി ശ്രമിക്കുന്നുണ്ട്.പരുത്തിവീരനിലൂടെ മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ പ്രിയയെത്തേടി മികച്ച കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

ഷാജോണും നോബിയും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയെങ്കിലും ദുര്‍ബ്ബലമായി മാറിയ ഭൂമികയില്‍ അവര്‍ക്ക് ശോഭിക്കാനായില്ല.അടുത്തിടെ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച ലെനക്കും അതിഥികള്‍ ഗുണം ചെയില്ല.

നരേന്‍ എന്ന നടന്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒതുങ്ങിപ്പോകുന്നത് എന്ന് മനസിലാകുന്നില്ല.തന്റെ കാമിയോ റോള്‍ നരേന്‍ ഭംഗിയാക്കി എന്ന് പറയാതെ വയ്യ.കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ പല യുവ നടന്മാരേക്കാളും അഭിനയ ശേഷിയുള്ള നരേന് എന്നാണു ഒരു റിയല്‍ ബ്രേക്ക് ലഭിക്കുക.

ജയറാം എന്ന നടനില്‍ നിന്നും ഇനിയും എന്തൊക്കെ പ്രതീക്ഷിക്കാനുണ്ട് എന്ന പ്രത്യാശ അതിഥികള്‍ തരുന്നു.പക്ഷെ ജയറാമിന് ഇനിയെങ്കിലും വ്യത്യസ്ത കഥാപാത്രങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അഥവാ ജയറാം അത് തേടിപ്പോയില്ലെങ്കില്‍ സിനിമയില്‍ നായകന്‍ എന്ന നിലയില്‍ ലോങ്ങ്‌ റണ്ണിനു സാധ്യത കുറയും.വ്യത്യസ്തമായ ഗെറ്റപ്പുകളും മേക്ക് ഓവറുകളും ഒരു പക്ഷെ ജയറാമിനെ കരിയറിന്‍റെ ഒരു പുതിയ ഘട്ടത്തിലേക്ക് എടുത്തുയര്‍ത്തിയേക്കും.മനസ് വച്ചാല്‍ ജയറാം എന്ന പ്രതിഭയ്ക്ക് അത് കയ്യെത്തിപ്പിടിക്കാവുന്ന ഉയരത്തിലാണ്.പക്ഷെ ഇനി കരിയറില്‍ ജിഞ്ചരറുകളും മദിരാശികളും സംഭവിക്കരുത് എന്ന് മാത്രം.

സിബിമലയിലിന്റെയും തിരക്കഥാകൃത്തിന്‍റെയും “പരസ്യപ്പലകാ പ്രദര്‍ശനം”ചിത്രത്തിന്‍റെ സാമാന്യ വിജയത്തിനുപ്പോലും വിലങ്ങുതടിയായേക്കും.

INDIANEWS24  MOVIES

Leave a Reply