ഏറെ നാളുകളായി തളച്ചിടപ്പെട്ട ഇമേജുകളില്പ്പെട്ടു കാലിടറിയ ജയറാമിന് ആശ്വസിക്കാന്‍ വീണു കിട്ടിയ ഒരവസരമാണ് പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലെ പേരില്ലാ കഥാപാത്രം.മലയാളത്തിലെ മിനിമം ഗാരണ്ടി കുടുംബനായകന് ഇക്കുറി തിയേറ്ററുകളില്‍ കയ്യടി നേടുന്നുണ്ടു. ജയറാമിന്റെ മികച്ച പ്രകടനം തന്നെയാണ് ആദ്യ നാള് തന്നെ ഒരു പക്ഷെ ഹോള്‍ഡ് ഓവര്‍ ആകേണ്ടിയിരുന്ന ഈ ചിത്രത്തിനു പ്രേക്ഷകരെ എത്തിക്കുന്നത്. മുവാറ്റുപുഴ ശൈലിയിലുള്ള ജയറാമിന്റെ സംഭാഷണ ശൈലി ജനത്തിനു രസിക്കുന്നുണ്ടു. കട്ടപ്പനയിലെ ഋതിക് റോഷന് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഈ ശൈലി ഇനി ഏറെക്കാലം മിമിക്രി വേദികളില്‍ അലയടിക്കും എന്നുറപ്പിക്കാം.
ഒരു ഫീല്‍ ഗുഡ്- നന്മ നിറഞ്ഞ സിനിമ സമ്മാനിക്കാനായി തിരക്കഥാകൃത്തുക്കള്‍ ഏറെ അദ്ധ്വാനിക്കുന്നുവെങ്കിലും ഒരു മിമിക്രി സ്കിറ്റിന്റെ നിലവാരത്തില്‍പ്പോലും ഉയരാത്ത സംവിധാനം ചിത്രത്തിനു വിനയായി. ഒരു പാട് സാമൂഹിക വിഷയങ്ങളെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും ആക്ഷേപഹാസ്യത്തിന്റെ നിലവാരത്തിലേക്ക് ഉയരുന്നില്ല. കെ.ഒ.രംഗന് എന്നൊക്കെ പോലീസ് ഓഫിസര്‍ക്ക് പേരിട്ട് കോമഡിയുണ്ടാക്കാന്‍ ശ്രമിക്കുന്ന സൃഷ്ട്ടാക്കള്‍ പ്രേക്ഷകനെ പരീക്ഷിക്കുന്നുണ്ട്.
വേദികളില്‍ ചിരിയുടെ പൂരം തീര്‍ക്കുന്ന രമേഷ് പിഷാരടിക്ക് ക്യാമറയുടെ പിന്നില്‍ ചുവടു പിഴക്കുന്നു.മികച്ച ഒരു കഥാതന്തുവിനെ ദുര്‍ബ്ബലവും യുക്തിരഹിതവുമായ ഒരു തിരക്കഥ ചമച്ചു വികല സംവിധാനത്തിലൂടെ കൊല്ലാക്കൊല ചെയ്യുന്നത് പരിചയക്കുറവ് കൊണ്ടാണോ പ്രേക്ഷകനെ വില കുറച്ചു കാണുന്നത് കൊണ്ടാണോ എന്ന് മനസിലാകുന്നില്ല.ചിത്രത്തിലെ പല ഫ്രെയിമുകളും ഒരു സാധാരണ ലഘുചിത്രത്തിന്റെ നിലവാരം പോലും പുലര്‍ത്തുന്നില്ല.കുഞ്ചാക്കോ ബോബന് തന്റെ മികവു പുറത്തെടുക്കാന്‍ പ്രയത്നിക്കുന്നുണ്ടെങ്കിലും ദുര്‍ബ്ബലമായ തിരക്കഥയും സംവിധാനവും അദ്ദേഹത്തിനു വിലങ്ങു തടിയാകുന്നു.പല കഥാപാത്രങ്ങളും കഥയുമായി ഇഴുകിച്ചേരുന്നില്ല.മണിയന് പിള്ള രാജുവും മറ്റും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഉദാഹരണം.
പക്ഷെ ഇത്തരം ബലഹീനതകള്‍ക്കിടയിലും നിര്‍മ്മാതാവിന് തുണയാകുന്നത് ജയറാമിന്റെ ഒറ്റയാന് പ്രകടനം തന്നെയാണ്.പാവാട എന്ന തന്റെ കഴിഞ്ഞ നിര്‍മ്മാണ സംരംഭത്തിനു ലഭിച്ച സ്വീകര്യതയാകാം മണിയന്‍പിള്ള രാജു എന്ന നിര്‍മ്മാതാവിനെ ഈ വ്യത്യസ്തമായ ഈ കഥാതന്തുവിലേക്ക് ആകര്‍ഷിച്ചത്. മലയാളത്തിന്റെ ഹാസ്യ രാജാവായ ജഗതി ശ്രീകുമാറിന്റെ കല്യാണ ഉണ്ണികള്‍ , അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു എന്നീ സംവിധാന ദുരന്തങ്ങളോളം രൂക്ഷമായില്ലെങ്കിലും രമേഷ് പിഷാരടി ഇനി പലവട്ടം ആലോചിക്കണം അടുത്ത ചിത്രത്തിന് മുമ്പ്.നാദിര്‍ഷയുടെ ക്ഷമയും കഥ തിരഞ്ഞെടുക്കാനും തിരക്കഥയൊരുക്കാനും കാട്ടിയ മികവും രമേഷിന് മാതൃകയാക്കാവുന്നതാണ്.സിനിമ ഒരു അസാധാരണ കലയാണ്.അസാമാന്യ പ്രതിഭയും മുന്നൊരുക്കങ്ങളും ഏറെ വേണ്ട ഒന്ന്. എല്ലാപേര്‍ക്കും സിനിമയുടെ എല്ലാ മേഖലകളും കൈപ്പിടിയിലോതുക്കുവാനും സാധിക്കില്ല എന്ന തിരിച്ചറിവ് വളരെ പ്രധാനം.
INDIANEWS MOVIES DESK