jio 800x100
jio 800x100
728-pixel-x-90
<< >>

ജയന്‍: അനശ്വരതയുടെ മറുവാക്ക്

 ഒരു നവംബര്‍ പതിനാറു കൂടി കടന്നു പോയിട്ട് ഇന്നേക്ക് 8 ദിനങ്ങള്‍ തികയുന്നു.

1980 നവംബര്‍ 16. അന്നെനിക്ക് കേവലം 6 വയസു പ്രായം. തപ്പി തടഞ്ഞു പത്രങ്ങള്‍ വായിച്ചു തുടങ്ങിയ കാലം. രാവിലെ പത്രത്തില്‍ കണ്ട തലക്കെട്ട്‌ ഒരു അലമുറയിലേക്കാണ് എന്നെ എത്തിച്ചത്. വാവിട്ടു കരയുന്ന എന്നെ വന്നു വാരിപ്പുണര്‍ന്ന അമ്മയുടെയും അഛന്‍റെയും  കണ്ണുകളും നിറയുന്നത് ഞാന്‍ കണ്ടു. അങ്ങാടിയും ലവ് ഇന്‍ സിങ്കപ്പൂറും  കണ്ടിട്ട് അധിക നാളുകളായിരുന്നില്ല അന്ന്. ജയന്‍റെ ആകസ്മിക മരണത്തിനു ശേഷമിറങ്ങിയ ” ജയന്‍ മരിച്ചിട്ടില്ല ” എന്ന തലക്കെട്ടിലുള്ള എത്ര പുസ്തകങ്ങള്‍ അമ്മയോട് വാശി പിടിച്ചു വാങ്ങിക്കൂട്ടിയിരിക്കുന്നു. ഇന്നും ജയന്‍  മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാനാണ് ഞാനുള്‍പ്പെടെ ഒത്തിരിപ്പേര്‍ ഇഷ്ടപ്പെടുന്നത്.

അത്തരമൊരു ചിന്തയാണ് നവംബര്‍ 18ന് എന്നെ തേവള്ളിയിലെത്തിച്ചത്. സുഹൃത്തായ വില്‍സണ്‍ ജോര്‍ജ്ജുമൊന്നിച്ചു കൊല്ലത്ത്  പള്ളിമുക്കിലേക്ക് പോകുന്ന വഴിയാണ് ഞങ്ങള്‍ തേവള്ളിയിലേക്ക് തിരിഞ്ഞത്. വില്‍സണായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. വഴി പിന്നിട്ടിട്ടും തിരികെ പോകാന്‍ സന്മനസ് കാണിച്ച സുഹൃത്തിനു നന്ദി.

തേവള്ളിയിലെത്തിയ ഞങ്ങള്‍ വിസ്മയിച്ചു. ജയന്‍റെ പൂര്‍ണ്ണകായ പ്രതിമ നന്നായി അലങ്കരിച്ചിരുന്നു. രക്ത വര്‍ണ്ണത്തിലുള്ള പുഷ്പഹാരവും ബൊക്കെയും പ്രതിമയ്ക്ക് മാറ്റ് കൂട്ടി.

ആരായിരുന്നു ഈ മനുഷ്യന്‍ ?  മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷവും ഇത്രയും സ്നേഹവും ആദരവും നേടാന്‍ എന്ത് മാജിക്കാണ് ഈ സിനിമാതാരം കാഴ്ച വച്ചത് ? ഒരുപാട് കലാകാരന്മാരെ സംഘടനകളും സര്‍ക്കാരുമൊക്കെ മനപ്പൂര്‍വം ഓര്‍ത്തു വച്ച് ആദരിക്കാറുണ്ട്. പക്ഷെ ആരും ഓര്‍മ്മപ്പെടുത്താതെ നവംബര്‍ 16 എങ്ങിനെ ജനഹൃദയങ്ങളില്‍ നിറയുന്നു.

പില്‍ക്കാലത്ത് നല്ല സിനിമയുടെ ഓരം പറ്റി മനസ് സഞ്ചരിക്കുമ്പോഴും നല്ല സിനിമകള്‍ ചെയ്യാന്‍ മനസ് കൊണ്ട് തയ്യാറെടുക്കുന്ന ഈ വേളയിലും എന്തുകൊണ്ട് നവംബര്‍ പതിനാറു മനസിലുടക്കുന്നു ? മഹത്തായ സിനിമകളൊന്നും ചെയ്യാത്ത ഈ മാസ്സ് ഹീറോയുടെ പിറകേ പായുന്ന മനസുകള്‍ ഇന്നും നിരവധിയുണ്ട് എന്നറിയാം. സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും അത് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്ന് നമുക്കറിയാം. ഗവേഷണ വിഷയമാകേണ്ട ഒന്നാണത്, തീര്‍ച്ചയായും !

എന്‍റെയും അതിനു മുന്‍പുമുള്ള തലമുറയില്‍പ്പെട്ടവര്‍ക്ക് കരുത്തിന്‍റെപര്യായം ജയന്‍ ആയിരുന്നു . പുതിയ തലമുറക്ക്‌ അതി ഭാവുകത്വം തോന്നിയേക്കാമെങ്കിലും ഒരു കാലഘ ട്ടത്തിലെ നായക സങ്കല്പം എന്നാല്‍ ജയന്‍ ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല.  മിമിക്രി കലാകാരന്മാര്‍  അദ്ദേഹത്തെ ഒരു കോമാളിയായി അവതരിപ്പിക്കാറുണ്ടെങ്കിലും അദേഹത്തിന്റെ ആരാധകര്‍ക്ക് ജയന്‍ എന്നും ഒരു നീറുന്ന ഓര്‍മ്മയിരിക്കും.യഥാര്‍ത്ഥത്തില്‍ മിമിക്രിക്കാര്‍ അനുകരിക്കുന്നത്പോലെ ഒരു സംസാര രീതി ജയനുണ്ടായിന്നില്ല. .അദേഹത്തിന്‍റെ  മരണ ശേഷം ഇറങ്ങിയ പല ചിത്രങ്ങളിലും അദേഹത്തിനുവേണ്ടി ഡബ് ചെയ്ത നടനും സംവിധായകനുമായ വ്യക്തി തന്നെ ഒരു അഭിമുഖത്തില്‍ ആ യാഥാര്‍ഥ്യം വെളിപ്പെടുത്തിയിരുന്നു. ശബ്ദ കലാകരന്മാര്‍ വരുത്തിയ പിഴവുകളായിരുന്നു കുറച്ചു കാലത്തേക്കെങ്കിലും അദ്ദേഹത്തെ ഒരു കോമാളിയായി ചിത്രീകരിക്കുവാനിടയായത്. .

മലയാള സിനിമയുടെ നായക സങ്കല്പങ്ങളെ മാറ്റി മറിച്ചജയന്‍റെ  പല ചിത്രങ്ങളിലും അഭിനയത്തിന്‍റെ  മാറ്റുരക്കുന്ന കഥാപാത്രങ്ങളും ഇടക്കൊക്കെ കടന്നു വന്നു . “ഏതോ ഒരു സ്വപനം”  ഒരു ഉദഹരണം. വില്ലനില്‍ നിന്നും നായകനിലേക്കും അവിടെ നിന്നും ഒരു മികച്ച സ്വഭാവനടനിലെക്കുമുള്ള സ്വാഭാവിക പരിണാമ ചക്രത്തില്‍ ആയിരുന്നു ജയന്‍..

കളക്ഷന്‍ റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച എത്രയോ ചിത്രങ്ങള്‍ ! സാഹസിക ചിത്രങ്ങളായിരുന്നു ഏറെയും. ജയനില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിച്ചി രുന്നതും അത്തരം ചിത്രങ്ങള്‍ തന്നെയായിരുന്നു എന്നതാണ് സത്യം.ആ സാഹസികത തന്നെ അദ്ദേഹത്തിന്‍റെ ജീവന്‍ അകാലത്തില്‍  തട്ടിയെടുക്കുകയും ചെയ്തു.

ജയനെ വിശേഷിപ്പിക്കാന്‍ ഒരേയൊരു വാചകം മാത്രം, ” അനശ്വരനായ ജയന്‍ ” .

SANU INDIA NEWS

email your feed back to editor@indianews24.com

 

ചിത്രം : സനു സത്യന്‍

ചിത്രം : സനു സത്യന്‍

 

JayanHelicopterStunt (1)Jayan in Memoriesjayan-profile

 

Leave a Reply