ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ പെട്ടെന്നു തീര്‍പ്പുകല്‍പ്പിക്കാന്‍ രാജ്യത്ത് 12 അതിവേഗ കോടതികള്‍ സ്ഥാപിക്കും. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. അതിവേഗ കോടതികളില്‍ ഒന്ന് കേരളത്തിലായിരിക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ നവംബറില്‍ എം പി മാരും എം എല്‍ എമാരും ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനകം അതിവേഗ കോടതികള്‍ സ്ഥാപിച്ച് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ക്രിമിനല്‍ കേസുകള്‍ നേരിടുന്ന ജനപ്രതിനിധികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ ഇല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ സത്യവാംങ്മൂലത്തില്‍ പറയുന്നു. അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ 7.8 കോടി രൂപയാണ് കേന്ദ്ര ധനമന്ത്രാലയം നീക്കിവെച്ചിരിക്കുന്നത്.
രാജ്യത്താകെ ജനപ്രതിനിധികള്‍ക്കെതിരെ 1581 ക്രമിനല്‍ കേസുകളാണ് നിലവിലുള്ളത്. കേരളത്തിലെ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണം 87 ആണ്. അതിവേഗ കോടതികള്‍ സ്ഥാപിക്കുമ്പോള്‍ അതില്‍ ഒരെണ്ണം കേരളത്തിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
INDIANEWS24.COM NEWDELHI