jio 800x100
jio 800x100
728-pixel-x-90
<< >>

ചൈന അതീവ ജാഗ്രതയിൽ;മരണം 41, വൈറസ്‌ ബാധിച്ചവർ 1300 കടന്നു ; കേരളത്തിൽ 179 പേർ നിരീക്ഷണത്തിൽ

ബീജിങ്‌:ഫ്രാൻസ്‌,ഓസ്‌ട്രേലിയ, നേപ്പാൾ,മലേഷ്യ എന്നിവിടങ്ങളിൽക്കൂടി വൈറസ്‌ബാധ സ്ഥിരീകരിച്ചു.ചൈനയ്‌ക്കുപുറമേ 10 രാജ്യങ്ങളിലാണ്‌ രോഗമുള്ളത്‌. രോഗം നിയന്ത്രിക്കാൻ ചൈന അതീവ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന കൊറോണ വൈറസ്‌ ബാധയെ ആഗോള അടിയന്തരപ്രശ്‌നമായി പ്രഖ്യാപിച്ചിട്ടില്ല.
കൊറോണ വൈറസ്‌ ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഉയരുന്നതിനിടെ ചൈന രോഗപ്പടർച്ച തടയാൻ നടപടികൾ തീവ്രമാക്കി. രോഗബാധിതരിൽ ഭൂരിപക്ഷവുമുള്ള വുഹാനിലെ ആശുപത്രികളിലേക്ക്‌ ചൈനീസ്‌ സേനയിലെ 450 വിദഗ്ധ ഡോക്ടർമാരെക്കൂടി നിയോഗിച്ചു. ഇതിനകം ഒരു ഡോക്ടറടക്കം 41 പേരാണ്‌ കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചത്‌. 1300ൽപ്പരം ആളുകൾക്ക്‌ വൈറസ്‌ബാധ സ്ഥിരീകരിച്ചു.
വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരം ഉൾപ്പെടുന്ന ഹൂബെയ്‌ പ്രവിശ്യയിൽ അഞ്ച്‌ നഗരത്തിൽക്കൂടി യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ബീജിങ്ങിലെ പ്രധാന റെയിൽവേ സ്‌റ്റേഷനിലടക്കം സുരക്ഷാ സ്യൂട്ട്‌ ധരിച്ച തൊഴിലാളികൾ യാത്രക്കാരുടെ ശരീരതാപനില പരിശോധിക്കുന്നുണ്ട്‌. ചൈനീസ്‌ പുതുവർഷ അവധി കഴിഞ്ഞാലും വിദ്യാലയങ്ങൾ ഫെബ്രുവരി 17 വരെ തുറക്കില്ല.

ഇതുവരെ രോഗം ബാധിച്ചവരിൽ 237 പേർക്ക്‌ ഗുരുതരമാണ്‌. 1965 പേരെ പ്രത്യേകം നിരീക്ഷിക്കുന്നു. 41 പേർ മരിച്ചതിൽ 39ഉം വുഹാനിലാണ്‌. വടക്കുകിഴക്കൻ പ്രവിശ്യയായ ഹെയ്‌ലാങ്‌ജിയാനിൽ ഒരാൾ മരിച്ചു. വൈറസ്‌ ബാധിതരിൽ 15 പേർ ആശുപത്രി ജീവനക്കാരാണ്‌. ഗുരുതരമായ സ്ഥിതിയാണ്‌ നേരിടുന്നത്‌. ഈ പോരാട്ടത്തിൽ ചൈനയ്‌ക്ക്‌ ജയിക്കാനാകുമെന്ന്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്‌ പറഞ്ഞു.

ചൈനയിലെ കൊറോണ വൈറസ് രോഗബാധയിൽ ആശങ്ക വേണ്ടെന്ന്‌ ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ പറഞ്ഞു. എംബസിയുമായി നോർക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.

സിച്വാൻ സർവകലാശാലയിലെ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളുമായി ബന്ധപ്പെട്ട് എംബസി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. വിദ്യാർഥികൾക്കുവേണ്ട ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. വുഹാനിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള സമൂഹത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളും ഭക്ഷ്യവിതരണ ശൃംഖലകളും പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 8618612083629, 8618612083617 എന്നീ ഹോട്ട്‌ലൈൻ നമ്പറുകളിൽ ഇന്ത്യൻ മിഷനുമായി ബന്ധപ്പെടാം. സൗദി അറേബ്യയിൽ രോഗം സ്ഥിരീകരിച്ച മലയാളി നേഴ്സിന്റെ സ്ഥിതി മെച്ചപ്പെട്ടു. രണ്ടുദിവസത്തിനകം അവർക്ക് ആശുപത്രിവിടാൻ കഴിയും. എംബസിയുമായും പ്രദേശത്തെ കമ്യൂണിറ്റി വളന്റിയർമാരുമായും ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

20 മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളാണ്‌ വുഹാനിലുള്ളത്‌. വിദ്യാർഥികൾക്ക്‌ സർവകലാശാല കൃത്യമായ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്‌.പുറത്ത്‌ പോകരുതെന്നും സുരക്ഷയ്‌ക്കായി സർജിക്കൽ മാസ്‌കുകളോ എൻ95 മാസ്‌കുകളോ ധരിക്കണമെന്ന്‌ നിർദേശിച്ചിട്ടുണ്ട്‌. എല്ലാ ദിവസവും പരിശോധനയുമുണ്ട്‌. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കാനും സർവകലാശാല അറിയിച്ചിട്ടുണ്ട്‌.

കേരളത്തിൽ 179 പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം
കൊറോണ വൈറസ്‌ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ 179 പേർ നിരീക്ഷണത്തിൽ.ഏഴുപേർ ആശുപത്രിയിലുണ്ട്‌.എറണാകുളത്ത്‌ മൂന്നും തിരുവനന്തപുരം,പത്തനംതിട്ട, തൃശൂർ,മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തരും.ബാക്കിയുള്ള 172 പേർ വീടുകളിലാണ്‌.

ശനിയാഴ്‌ചമാത്രം ചൈനയിൽനിന്ന്‌ എത്തിയ 99 പേരും വെള്ളിയാഴ്‌ച 80 പേരുമാണ്‌ നിരീക്ഷണത്തിലുള്ളത്‌. ആർക്കും വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടില്.

രോഗബാധയിൽ ആശങ്ക വേണ്ടെന്ന്‌ ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ പറഞ്ഞു. എംബസിയുമായി നോർക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഫോൺ: 8618612083629, 8618612083617

സൗദി അറേബ്യയിൽ രോഗം സ്ഥിരീകരിച്ച മലയാളി നേഴ്സിന്റെ സ്ഥിതി മെച്ചപ്പെട്ടു. രണ്ടുദിവസത്തിനകം ആശുപത്രിവിടും.

പരിഭ്രാന്തി വേണ്ട: മന്ത്രി ശൈലജ
കൊറോണ വൈറസ് ബാധക്കെതിരെ കേരളം കനത്ത ജാഗ്രതയിലാണെന്ന് മന്ത്രി കെ കെ ശൈലജ. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. അടിയന്തര ജാഗ്രതാ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.ഗവ.മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കുന്നുണ്ട്‌. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. രോഗം പ്രതിരോധിക്കുന്നതിനായി നോർക്കയുടെ സഹായവും തേടി. കേന്ദ്രസഹായവും തേടും. സംസ്ഥാനത്ത് ഇപ്പോൾ മൂന്നുപേർ നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ ഇവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കാരുണ്യ കമ്യൂണിറ്റി ഫാർമസി ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

തൃശൂരിൽ 18 പേർ നിരീക്ഷണത്തിൽ
കൊറോണ മുൻകരുതലിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ ശനിയാഴ്ച 18 പേർ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം ഏഴുപേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ രക്തസാമ്പിൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

സ്വകാര്യ ആശുപത്രിയിൽ പനിയെത്തുടർന്ന് പ്രവേശിപ്പിച്ച ആളെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തു. വിദേശത്തുനിന്നെത്തിയ ഒരു വിദ്യാർഥിയെ പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ രണ്ടു പേരുടെയാണ് രക്തസാമ്പിൾ പുണെയിലേക്ക് അയച്ചത്. ഐസൊലേഷൻ വാർഡുകളും സജ്ജമാക്കി.
INDINEWS24 HEALTH DESK

Leave a Reply