728-pixel-x-90-2-learn
728-pixel-x-90
<< >>

ചുംബന സമരം: പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി

തിരുവനന്തപുരം:ചുംബന സമരത്തില്‍ പോലീസ് നടത്തിയ ഇടപെടലിന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിമര്‍ശനം.സദാചാരപ്പോലീസിങ്ങിനെതിരെ പ്രതിഷേധവുമായെത്തിയവരെ ക്രമസമാധാനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് നീക്കിയപ്പോള്‍ ഇവര്‍ക്കെതിരെ നഗരത്തില്‍ സദാചാരവാദികള്‍ നടത്തിയ അഴിഞ്ഞാട്ടം പൊലീസ് കണ്ടില്ലെന്ന് നടിച്ചതായി പിണറായി കുറ്റപ്പെടുത്തി.തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പിണറായി പൊലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചിരിക്കുന്നത്.
ഞായറാഴ്ച്ച എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന ചുംബന സമരത്തെയും അതേ തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായ സംഘര്‍ഷാവസ്ഥയെയും തുടര്‍ന്നാണ് പിണറായി തന്റെ പ്രതികരണം അറിയിച്ചത്.പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യപരമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്, എന്ന് തുടങ്ങുന്ന പിണറായിയുടെ പോസ്റ്റ് അവസാനിക്കുന്നത്, ‘പൊലീസിനെ സമാധാന ഭഞ്ജകരുടെ സംരക്ഷണത്തിനാണ് നിയോഗിക്കുന്നത്’.എന്ന്എഴുതിക്കൊണ്ടാണ്.
ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ കമിതാക്കള്‍ മറൈന്‍ഡ്രൈവിലെത്തി പരസ്പരം ചുംബിച്ചുകൊണ്ട് പ്രതിഷേധം നടത്തുമെന്നാണ് ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ ഒത്തു ചേര്‍ന്ന സമര സംഘാടകര്‍ അറിയിച്ചത്.എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് ഇതിനായി എറണാകുളം ലോ കോളജ് പരിസരത്ത് ഒത്തു ചേര്‍ന്ന സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.കോഴിക്കോട് സദാചാര വാദികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തോടെ യുവമോര്‍ച്ചയും ചില ന്യൂനപക്ഷ സംഘടനകളും അടക്കമുള്ളവരുടെ സദാചാര പോലീസിങ്ങിനെതിരെയാണ് സമരം സംഘടിപ്പിച്ചത്.എന്നാല്‍ അറസ്റ്റ് നടന്ന അതേസമയം മറൈന്‍ഡ്രൈവിലും ഹൈക്കോടതി ജംഗ്ഷനും അടക്കുമള്ള സ്ഥലങ്ങളില്‍ സദാചാരവാദികളെ പിന്തുണയ്ക്കുന്നവര്‍ നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായി മാറുകയായിരുന്നു.ജനക്കൂട്ടം തിങ്ങിനിറഞ്ഞ വഴിയിലൂടെ അസഭ്യം വിളിച്ചുപറഞ്ഞ ഇവര്‍ക്കെതിരെ യാതൊരു നടപടിയെടുക്കാനും പോലീസിന് കഴിഞ്ഞിരുന്നില്ല.വലിയ തോതില്‍ സംഘര്‍ഷം ഉണ്ടാക്കിയ പ്രവര്‍ത്തകരില്‍ ഒരാളെ പോലും പൊലീസിന് അറസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പിണറായി പോസ്റ്റ് ഇട്ടിരിക്കുന്നത്.പൊലീസ് നടപടിയയില്‍ നിന്നും വ്യക്തമാകുന്നത് സംസ്ഥാന സര്‍ക്കാരും സദാചാരവാദികള്‍ക്ക് പിന്തുണനല്‍കുന്നുവെന്നാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

INDIANEWS24.COM TVPM

Leave a Reply