jio 800x100
jio 800x100
728-pixel-x-90
<< >>

ചില്ലറവില്‍പ്പന: യോഗത്തില്‍ സമവായമായില്ല

ന്യൂഡല്‍ഹി: ചില്ലറവില്‍പ്പന രംഗത്തെ വിദേശനിക്ഷേപത്തെച്ചൊല്ലിയുള്ള പാര്‍ലമെന്‍റ് സ്തംഭനം ഒഴിവാക്കുന്നതിന് നടന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല. രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചയ്ക്ക് തയാറാണെന്ന് കോണ്‍ഗ്രസ്സും അറിയിച്ചു.

സര്‍വകക്ഷിയോഗം തൃപ്തികരമായിരുന്നെന്നും ശീതകാലസമ്മേളനം തടസ്സപ്പെടുത്താന്‍ താത്പര്യമില്ല എന്ന പൊതുവികാരത്തില്‍ ഭൂരിപക്ഷയംഗങ്ങളും ഉറച്ചുനില്‍ക്കുന്നുവെന്നും ചര്‍ച്ചയ്ക്ക് ശേഷം പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് അറിയിച്ചു. ഇരുസഭയിലേയും അധ്യക്ഷന്മാരുമായും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശീതകാലസമ്മേളനത്തിന്റെ ആദ്യ മൂന്നുദിവസവും ഈ വിഷയത്തിന്മേലുള്ള ബഹളത്തില്‍ തടസ്സപ്പെട്ടിരുന്നു. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നാണ് ബി.ജെ.പി.- ഇടതുപക്ഷ കക്ഷികളുടെ ആവശ്യം. പ്രതിപക്ഷത്തുതന്നെ ഐക്യജനതാദളിന് വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് നിര്‍ബന്ധമില്ല.

സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി., യു.പി.എ. ഘടകകക്ഷിയായ ഡി.എം.കെ. എന്നീ പാര്‍ട്ടികള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തോടുള്ള എതിര്‍പ്പ് സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് ബി.ജെ.പി.യുടെ ചുമലിലേറി നീങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Leave a Reply