കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് രാജീവ് കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രമുഖ അഭിഭാഷകന് സി പി ഉദയഭാനു ഒളിവില്‍. ചൊവ്വാഴ്ച്ച രാവിലെ കേസില്‍ ഉദയഭാനു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഈ അഭിഭാഷകന് ഒളിവില്‍ പോയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ചോദ്യംചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഉദയഭാനുവിന്റെ വീട്ടില്‍ നല്കി.
കൊലക്കേസില്‍ പിടിയിലായ പ്രധാനപ്രതികളുമായി ഫോണില്‍ സംസാരിച്ചത് കണക്കിലെടുത്ത് തനിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന വാദം നിലനില്‍ക്കില്ലെന്ന ഉദയഭാനുവിന്റെ വാദം ഹൈക്കോടതി നിരാകരിച്ചു. കീഴടങ്ങാന്‍ സമയം വേണമെന്ന ആവശ്യത്തിനോട് കോടതി പ്രതികരിച്ചുമില്ല.
കൊലക്കേസില്‍ പിടിയിലായ മുഖ്യപ്രതി ചക്കര ജോണി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പ്രോസിക്യൂഷന് നിലപാട്. ഇതിനിടെ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂലം കേസന്വേഷണത്തെ തന്നെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട രാജീവിന്റെ അമ്മ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
INDIANEWS24.COM Kochi