മാഡ്രിഡ്:പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു.സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിനെ രണ്ടാംപാദ സെമിയില്‍ അവരുടെ സ്വന്തം തട്ടകത്തില്‍ സമനിലയില്‍ (1-1) തളച്ചതോടെയാണ് യുവന്റസ് കലാശപ്പോരിനര്‍ഹരായത്.ആദ്യപാദ സെമിയില്‍ യുവന്റസിനായിരുന്നു ജയം.ഇതോടെ ലോക ഫുട്ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു റിയല്‍ – ബാഴ്സ ക്ലാസിക്ക് പോരാട്ടത്തിനാണ് മാറ്റം വന്നിരിക്കുന്നത്.
അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി,ബ്രസീലിന്റെ നെയ്മര്‍,ഉറുഗ്വായുടെ ലൂയി സുവാരസ് എന്നിവരുടെ ഒത്തിണക്കത്തില്‍ മുന്നേറ്റം തുടരുന്ന സ്പാനിഷ് ക്ലബ് ബാഴ്സിലോണയാണ് ഫൈനലില്‍ യുവന്റസിന്റെ എതിരാളികള്‍.സെമിയുടെ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് റയലിനെ പിന്തള്ളിയാണ് യുവന്റസ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പോയ വര്‍ഷത്തെ ഫിഫ പ്ലേയര്‍ ഓഫ് ദ ഇയര്‍ കൂടിയായ മറ്റൊരു സൂപ്പര്‍ താരം ക്രിസ്റ്റ്യാന റൊണാള്‍ഡോയുടെ പെനാല്‍റ്റിയിലൂടെ റയല്‍ വ്യക്തമായ ആധിപത്യം നേടിയെങ്കിലും ആദ്യപാദ സെമിയിലെ ഹീറോ സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയിലൂടെ സമനില പിടിക്കുകയായിരുന്നു.മുന്‍ റിയല്‍ താരം കൂടിയായിരുന്ന മൊറാട്ടയുടെ പ്രകടനമാണ് 2003 ന് ശേഷം യുവന്റസിന് ഫൈനല്‍ പ്രവേശത്തിനുള്ള വഴിയൊരുക്കിയത്.ചാമ്പ്യന്‍സ് ലീഗില്‍ 77-ാം ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന എക്കാലത്തെയും താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസിക്കൊപ്പം ഒന്നാമതെത്തി.
ജൂണ്‍ ആറിന് ബര്‍ലിനിലാണ് ബാഴ്സ – യുവന്റസ് ഫൈനല്‍.ഇതോടെ 2014 ലോകകപ്പില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഇറ്റലിയുടെ ചെല്ലിനിയെ സുവാരസ് കടിച്ച സംഭവത്തിന് ശേഷം ഇരു താരങ്ങളും കളത്തില്‍ നേര്‍ക്കുനേര്‍ വീണ്ടും എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.യുവന്റസിന്റെ പ്രതിരോധക്കാരനാണ് ഇറ്റാലിയന്‍ താരം ചെല്ലിനി.