728-pixel-x-90-2-learn
728-pixel-x-90
<< >>

ചലച്ചിത്രമേള എന്തിന്?

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വാര്‍ത്തകളില്‍ ഒന്ന് ഈ വര്‍ഷം ചലച്ചിത്രമേള നടത്തുമോ ഇല്ലയോ എന്നുള്ളതാണ്.കഴിഞ്ഞ വര്‍ഷം ഓഖി പ്രകൃതി ദുരന്തം കടന്ന് വന്നപ്പോള്‍ ചലച്ചിത്രമേള മാറ്റി വയ്ക്കാനുള്ള ചില ചര്‍ച്ചകള്‍ നടന്നിരുന്നു. മാറ്റിവെയ്ക്കാനാവാത്ത ചില സാങ്കേതിക പ്രശനങ്ങള്‍ ഉണ്ടായപ്പോള്‍ ചലച്ചിത്രമേള നടത്താന്‍ മുഖ്യമന്ത്രി അനുവാദം കൊടുത്തു. ഒരു വര്‍ഷത്തെ നീണ്ട സംഘാടനത്തിന്റെ ഫലമാണ് ഒരു അന്താരാഷ്ട്ര ചലച്ചിത്രമേള. നിരവധി രാജ്യങ്ങളുടെ പ്രാതിനിധ്യവുമുള്ള ഈ മേള യഥാര്‍ത്ഥത്തില്‍ നടക്കേണ്ടതാണ്. കാരണം കലയിലൂടെ അതിജീവനത്തിന്റെ മാര്‍ഗങ്ങള്‍ തേടാനുള്ള ചാലുകളാവാം ഈ മേളയും അതിലെ ചിത്രങ്ങളും.പ്രളയം നല്ലോരളവോളം മാനസിക സംഘര്‍ഷമായി നമ്മെ വേട്ടയാടുമ്പോള്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനായി  ഇത്തരം കലാ ശ്രേണികളിലൂടെ അയല്‍ രാജ്യങ്ങള്‍ നമുക്കു തരുന്ന വലിയ പാഠങ്ങളുണ്ട്.ഊര്‍ജ്ജസ്വലത കലയിലൂടെ ഇതള്‍വിരിയേണ്ടതാണ്. അത് പ്രളയ ജലം നിറഞ്ഞ മനസുകളിലേക്ക് സുഗന്ധം പരത്തും. വെള്ളം കയറി നശിച്ച പരിസരങ്ങളെയും മനസുകളെയും വീണ്ടെടുക്കാന്‍ കാഴ്ചയുടെ പുതിയ അനുഭവങ്ങള്‍ അത്യാന്താപേക്ഷിതവുമാണ്.
സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന എല്ലാ ആഘോഷസാംസ്‌കാരിക പരിപാടികളും റദ്ദാക്കി എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ സദുദ്ദേശം ഏവര്‍ക്കും മനസിലാകുന്നതാണ്.എന്നാല്‍ എല്ലാ പരിപാടികളും  ഇപ്രകാരം ഒഴിവാക്കേണ്ടതല്ല എന്ന് പൊതുവേ അഭിപ്രായമുയരുന്നുണ്ട്.ആഘോഷപരിപാടികളിലും ആഡംബരചടങ്ങുകളിലുമാണ് മാറ്റിവയ്ക്കല്‍  അനിവാര്യമാകുന്നത്. ചലച്ചിത്രം ഒരു ആഘോഷം മാത്രമായി നിര്‍ണയിക്കപ്പെടുമ്പോഴാണ് ഇത്തരം വിലയിരുത്തലുകളിലേക്ക് കടന്നു ചിന്തിക്കേണ്ടി വരുന്നത്.ചലച്ചിത്രം നമ്മുടെ സംസ്‌കാരത്തിന്റെ മുഖമാണ്.സംസ്‌കാരത്തെ പുറന്തള്ളുന്നത് സംസ്‌കൃതിയുടെ നിരാകരണമാണ്. കേരളം മുഴുവനും ഒറ്റക്കെട്ടായി നിന്നത് നമ്മുടെ തനത് സാംസ്‌കാരികതയുടെ തീഷ്ണത ഒന്നുകൊണ്ടുമാത്രമാണ്.അല്ലെങ്കില്‍ ചെന്നൈ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവരുടെ ഗതി നമ്മളെയും തേടിവരുമായിരുന്നല്ലോ.നിലവില്‍ എല്ലാ പരിപാടികളും മാറ്റി വെച്ചു എന്നുള്ളതാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതില്‍ എന്തെങ്കിലും മാറ്റം മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മാത്രമേ തീരുമാനിക്കാന്‍ പറ്റുകയുള്ളു എന്നാണ് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിക്കും എന്ന് തന്നെയാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്.

JITHESHDAMODAR INDIANEWS24 

Leave a Reply