ആലപ്പുഴ’:പതിറ്റാണ്ടുകൾ നീണ്ട ഒരു സ്വപ്നം സഫലമായ ചാരിതാർഥ്യത്തിലാണ് കേരളീയർ,വിശിഷ്യാ ആലപ്പുഴ വഴി യാത്ര ചെയ്യുന്നവർ.കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ക്രിയാത്മക സഹകരണത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ആലപ്പുഴ ബൈപാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്കൊപ്പം ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്തുത്യർഹമാം വിധം ബൈപാസ് നിർമ്മാണം പൂർത്തിയാക്കിയ പൊതുമരാമത്ത് വകുപ്പിൻറെ മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കും ചടങ്ങിൽ സന്നിഹിതരായിരുന്നു.ആലപ്പുഴ ജില്ലയിലുള്ളവർക്ക് മാത്രമല്ല, ഇതുവഴി കടന്നുപോകുന്നവർക്കും സന്ദർശകർക്കുമെല്ലാം അഭിമാനം പകരുന്ന പദ്ധതിയാണിത് ഇന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.
അടിസ്ഥാനസൗകര്യ വികസനത്തിൽ, പ്രത്യേകിച്ച് ദേശീയപാത വികസനത്തിൽ കഴിഞ്ഞ നാലര വർഷത്തിൽ വലിയ മുന്നേറ്റമാണ് കേരളം നടത്തിയത്. 12,291 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ തുടക്കമിട്ടത്. ഈ സർക്കാരിന്റെ കാലത്ത് കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ്, കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഉൾപ്പെടെ നാല് വൻ പദ്ധതികൾ പൂർത്തിയാക്കി.
എത്ര വലിയ പദ്ധതിയും കേരളത്തിലെ പൊതുമരാമത്തുവകുപ്പിന് മനോഹരമായി ചെയ്യാനാകുമെന്ന് ആലപ്പുഴ ബൈപാസ് തെളിയിക്കുന്നു. കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ള പദ്ധതികളെക്കുറിച്ച് നിരന്തരമായി കേന്ദ്രമന്ത്രിയുമായി സംസാരിക്കാറുണ്ട്.അടുത്ത ഡൽഹി യാത്രയിൽത്തന്നെ മന്ത്രിയുമായി എല്ലാ വികസന വിഷയങ്ങളും ചർച്ചചെയ്യും.ദേശീയപാതാ വികസനവും അർധ–-അതിവേഗ റെയിൽപ്പാതയും പൂർത്തിയാകുമ്പോൾ സംസ്ഥാനത്തിന്റെ മുഖഛായതന്നെ മാറും. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ കൂടി പൂർത്തിയാകുന്നതോടെ ഗതാഗത, -ചരക്കുനീക്ക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തും.കേരളത്തിലെ റോഡപകടങ്ങൾ 50 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
INDIANEWS24 ALAPPUZHA DESK