jio 800x100
jio 800x100
728-pixel-x-90
<< >>

ഗൗരവം ചോർന്ന പുരസ്‌കാരദാനം

അജ്മാന്‍:നാൽപ്പതോളം വർഷത്തെ അധ്യാപനകാലഘട്ടത്തിനിടയ്ക്ക് മനസ്സിൽ മായാമുദ്ര പതിപ്പിച്ച് അഭിമാനത്തിൻറെ നിറകതിർ വീശി നിൽക്കുന്ന രണ്ട് അപൂർവമുഹൂർത്തങ്ങൾ എൻറെ ജീവിതത്തിലുണ്ട്. ഭാരതത്തിൻറെ യശസ്സ് രാഷ്ട്രസീമകൾക്കപ്പുറത്തേയ്ക്ക് ഉയർത്തിയ രണ്ടു പ്രഥമപൗരന്മാരിൽനിന്ന് ഏറ്റവും നല്ല അധ്യാപകനുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ മഹാനിമിഷങ്ങൾ.ഭാരതത്തിൻറെ പതിനൊന്നാമത്തെ രാഷ്‌ട്രപതിയായിരുന്ന ശ്രീ എ പി ജെ അബ്‌ദുൾ കലാമിൽനിന്നും പതിമൂന്നാമത്തെ രാഷ്ട്രപതിയായിരുന്ന ശ്രീ പ്രണാബ് മുഖർജിയിൽനിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ നിമിഷങ്ങൾ. അജ്‌മാൻ അൽ അമീർ സ്‌കൂളിലെ എൻറെ പ്രിൻസിപ്പൽ ക്യാബിനെ അലങ്കരിക്കുന്ന ഏറ്റവും വിലപ്പെട്ട ഓർമ്മചിത്രങ്ങൾ ആ നിമിഷങ്ങൾ ഒപ്പിയെടുത്തവയാണ്. എൻറെ മുറിയിലേയ്‌ക്കെത്തുന്ന ഓരോ വ്യക്തിയിലും ആ ചിത്രങ്ങളുണ്ടാക്കുന്ന ആദരത്തിൻറെ മിഴിത്തിളക്കം പ്രചോദനത്തിൻറെ ഊർജ്ജധാരയായി നിത്യവും എൻറെ ഔദ്യോഗികജീവിതത്തിന് കരുത്തു പകരുന്നു.ഒരു നിമിഷംപോലും തളർച്ചയുടെ ലാഞ്ചന തെല്ലും പ്രകാശിപ്പിക്കാതെ 565 അധ്യാപകർക്ക് വെറും 45 നിമിഷംകൊണ്ട് ദേശീയ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന ശ്രീ പ്രണാബ് മുഖർജിയുടെ ഊർജ്ജസ്വലമായ മുഖമാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്ത കേട്ടപ്പോൾ മനസ്സിൽ പെട്ടെന്നു തെളിഞ്ഞത്.

കത്തുന്ന വിവാദങ്ങൾക്കിടയിലാണ് ഇന്ന് സിനിമയ്ക്കുള്ള രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളായ രാഷ്ട്രപതിയുടെ സുവർണ്ണ,രജത കമലങ്ങൾ വിതരണം ചെയ്യപ്പെട്ടത്.പത്മ പുരസ്‌കാരങ്ങൾ, ദേശീയ അധ്യാപക പുരസ്‌കാരങ്ങൾ, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ എന്നിവ ലഭിക്കുക എന്നതും അവ പ്രഥമപൗരനായ രാഷ്ട്രപതിയിൽനിന്നുതന്നെ ഏറ്റുവാങ്ങുക എന്നതും ഭാരതത്തിലെ ഓരോ പൗരനും ഏറ്റവുമധികം കൊതിക്കുന്ന കാര്യമാണ്. ആ അപൂർവസൗഭാഗ്യം ലഭിക്കുന്ന ഓരോരുത്തരുടെയും അവകാശം കൂടിയാണ് അത് രാഷ്ട്രപതിയിൽനിന്നുതന്നെ സ്വീകരിക്കാൻ കഴിയുക എന്നത്. ആ അഭിമാനത്തിനാണ്,ആ അവകാശബോധത്തിനാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൽ ഇന്നു മുറിവേറ്റിരിക്കുന്നത്. ആ മുറിപ്പാടിനെക്കുറിച്ചു പ്രതികരിക്കാതിരിക്കുന്നത് ഉത്തരവാദിത്വബോധത്തിൻറെ വീഴ്ചയായിരിക്കും എന്നുതന്നെ ഞാൻ കരുതുന്നു. പ്രത്യേകിച്ച് അത്തരം ഒരു സൗഭാഗ്യത്തിൻറെ അസുലഭാനുഭൂതി അനുഭവിച്ചറിഞ്ഞ ഒരു ഭാരതപൗരൻ എന്ന നിലയ്ക്ക്.

അറുപത്തിയഞ്ചാമത്തെ ദേശീയ ചലച്ചിത്രപുരസ്കാരച്ചടങ്ങിൽനിന്ന് ആകെയുള്ള 140 പേരിൽ 65 പേർക്ക് പുറത്തു നിൽക്കേണ്ടിവന്നു എന്ന കാര്യം ലോകമനസ്സാക്ഷിക്കു മുന്നിൽ രാജ്യത്തിൻറെ യശസ്സ് താഴ്ത്തിക്കെട്ടുകതന്നെ ചെയ്യും.മനുഷ്യമനസ്സിനെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിവുള്ള ചലച്ചിത്രകലയിലെ ഭാവി തലമുറയിലാണ് ഈ സംഭവം ആഴത്തിലുള്ള പോറൽ ഏൽപ്പിക്കുക. എത്ര കൊച്ചു കലാകാരന്മാരുടെയടക്കം അനേകരുടെ സ്വപ്നങ്ങളിലാണ് ഇന്ന് കരിമഷി പടർന്നത്.തങ്ങളുടെ കൊച്ചുമക്കൾ രാഷ്ട്രപതിയിൽനിന്ന് സമ്മാനം ഏറ്റുവാങ്ങുന്ന അപൂർവ്വസുന്ദരനിമിഷത്തിനു സാക്ഷിയാകാൻ രാജ്യത്തിൻറെ ഏതെല്ലാം കോണുകളിൽനിന്നാണ് അപ്പൂപ്പന്മാരും മുത്തശ്ശിമാരുംവരെ ഇന്നു രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നിരുന്നത്.

ഇതെങ്ങനെ സംഭവിക്കാൻ ഇട വന്നു എന്ന കാര്യം അതിനിടയാക്കിയവർതന്നെ മനസ്സിരുത്തി അന്വേഷിക്കണം എന്നാണ് എൻറെ അപേക്ഷ. ഇത്തരം ഒരനീതി ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നുതന്നെ പ്രതീക്ഷിക്കുന്നു. മനസ്സിനു മുറിവേറ്റ ഓരോ കലാകാരനുമൊപ്പം ഹൃദയവേദനയോടെ ഞാൻ പങ്കുചേരുന്നു.sj jacob 2

എസ് ജെ ജേക്കബ്

Leave a Reply