728-pixel-x-90-2-learn
728-pixel-x-90
<< >>

ഗോവിന്ദച്ചാമിക്ക് കൊലക്കയര്‍ തന്നെ

 സഹയാത്രികര്‍ക്ക് കോടതിയുടെ വിമര്‍ശനം

കൊച്ചി :സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കീഴ്‌കോടതിയുടെ ശിക്ഷാ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും പ്രതി ഏറ്റവും കടുത്ത ശിക്ഷയര്‍ഹിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.സഹായത്തിനു വേണ്ടിയുള്ള  സൗമ്യയുടെ അലമുറകേട്ടിട്ടും സഹായിക്കാതിരുന്ന സഹയാത്രികരുടെ മാനസികാവസ്ഥ ക്രിമിനലുകളുടേതിനു തുല്യമാണെന്നു വിധി ന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ട്രെയിനിന്റെ ചങ്ങല വലിക്കാന്‍ തയ്യാറെടുത്ത വ്യക്തിയെ ചിലര്‍ ചേര്‍ന്നു തടസപ്പെടുത്തിയില്ലായിരുന്നുവെങ്കിലും സൗമ്യ രക്ഷപെടുമായിരുന്നു

രക്തദാഹിയായ കൊടുകുറ്റവാളിക്കു ഉത്തമഉദാഹരണമാണ് പ്രതിയെന്നു കോടതി വ്യക്തമാക്കി. ഇയാളെ ശിക്ഷയില്‍ നിന്നു വിമുക്തനാക്കിയാല്‍ നീതി ന്യായ വ്യവസ്ഥ പോലും സംശയത്തിന്റെ നിഴലിലാവും. നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളി കോടതിക്കു അവഗണിക്കാനാവില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് സംഭവമെന്നതില്‍ കോടതിക്കു സംശയമില്ല.സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ടെന്നും 356 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വനരോദനമായി പെണ്‍കുട്ടിയുടെ കരച്ചില്‍ അവസാനിച്ചു. ഇതൊഴിവാക്കാന്‍ സമൂഹത്തിലെ ഒരോ വ്യക്തിക്കും ബാധ്യതയുണ്ട്. അപകട സമയത്തു ഇരകളെ എങ്ങനെ സഹായിക്കണം എന്നതു സംബന്ധിച്ചു പൊതു ജനങ്ങള്‍ക്കു ബോധവത്കരണം നടത്തണം. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടു ചങ്ങല വലിക്കാന്‍ തയ്യാറായ വ്യക്തിയെ തടസപ്പെടുത്തിയവര്‍ ഉത്തമ പൗരന്മാരായി പെരുമാറി എന്നു പറയാനാവുമോ ? നിശബ്ദത പാലിച്ച സഹയാത്രികര്‍ പ്രതിക്കൊപ്പം പെണ്‍കുട്ടിയോടു ക്രൂരതകാട്ടിയെന്നു പറയേണ്ടി വരും. ഇത്തരത്തിലുള്ള സമൂഹത്തിന്റെ മനോഭാവം മാറണം. സഹയാത്രികര്‍ക്ക് അവര്‍  കാണിച്ച നിഷ്‌ക്രിയത പെണ്‍കുട്ടിയുടെ മരണത്തിനു ശേഷം പേടിസ്വപ്‌നമായി മാറിയിട്ടുണ്ടാവുമെന്ന് കോടതി നിരീക്ഷിച്ചു.

Leave a Reply