728-pixel-x-90-2-learn
728-pixel-x-90
<< >>

ഗോപി കോട്ടമുറിക്കല്‍ മടങ്ങിയെത്തുന്നു;എം ആര്‍ മുരളിയെയും തിരിച്ചെടുത്തു

കൊച്ചി: സി പി എമ്മിന്‍റെ എറണാകുളം മുൻ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെയും ഷൊർണ്ണൂർ മുൻ നഗരസഭ ചെയ‌ർമാൻ എം.ആ‌ർ മുരളിയെയും പാർട്ടിയിൽ  തിരിച്ചെടുക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഇത് സംബന്ധിച്ച സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ കഴിഞ്ഞദിവസങ്ങളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.

എറണാകുളത്തെ സി പി എമ്മിന്‍റെ ജനകീയ മുഖമായിരുന്ന ഗോപി കോട്ടമുറിക്കൽ പാർട്ടിയിൽ തിരിച്ചെത്തുന്നതോടെ അവസാനിക്കുന്നത് രണ്ടു വർഷം നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ വനവാസം കൂടിയാണ്.  2012 ജൂണിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിക്കൽ തിരിച്ചെത്തുന്നത് സി.പി.എമ്മിനും ഗുണകരമാകുമെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്.

എറണാകുളത്ത് പാർട്ടിയെ വളർത്തുന്നതിൽ നിസ്തുലമായ പങ്കു വഹിച്ചിരുന്ന ഗോപി കോട്ടമുറിക്കൽ പാർട്ടിയിൽ നിന്ന് പുറത്തായതോടെ പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്നു.എന്നാൽ സി.പി.എമ്മിന്റെ കേരള കർഷക സംഘത്തിൽ അദ്ദേഹം തുടർന്നിരുന്നു. തന്നെ പാർട്ടിയിലേക്കു തിരിച്ചെടുക്കണമെന്ന് അഭ്യർത്ഥിച്ച് മാസങ്ങൾക്ക് മുമ്പേ ഗോപി കോട്ടമുറിക്കൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്തു നൽകിയിരുന്നു. ഈ കത്തിനെ തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടറിയേറ്റിന്റെയും മൂവാറ്റുപുഴ ഏരിയയുടെയും അഭിപ്രായം ആരാഞ്ഞു. ഈ കമ്മിറ്റികളെല്ലാം അനുകൂല തീരുമാനമെടുത്തതോടെയാണ് സംസ്ഥാന കമ്മിറ്റിയും പച്ചക്കൊടികാട്ടിയത്.അദ്ദേഹം തിരിച്ചെത്തുന്നത് സി പി എമ്മിന് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നേട്ടമാകും.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങളും ഇടയ്ക്ക് ഉയർന്നിരുന്നു.അദ്ദേഹം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ നടന്ന 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷ സ്ഥാനാര്‍ഥി പതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്.പക്ഷെ ഇക്കുറി കേരളത്തിലെ സാഹചര്യങ്ങള്‍ വളരെ പ്രതികൂലമായിരുന്നിട്ടും സിറ്റിംഗ് എം പിയായിരുന്നിട്ടും യു  ഡി എഫ് സ്ഥാനാര്‍ഥി ഏകദേശം ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയത് സി പി എമ്മില്‍ വന്‍ ചര്‍ച്ചാ വിഷയമായിരുന്നു.

എം.ആർ മുരളിയെയും പാർട്ടി തിരിച്ചെടുക്കാൻ തീരുമാനിച്ചിട്ടണ്ട്. സി.പി.എമ്മിനോട് കലാപക്കൊടി ഉയർത്തി മുരളി പുറത്തേക്ക് പോകുമ്പോൾ അക്കാര്യം ഏറെ ചർച്ചയായിരുന്നു.മുരളിയെ 2008 ജൂൺ 20നാണ് സി.പി.എം ജില്ലാ നേതൃത്വം പുറത്താക്കിയത്. ജനകീയ വികസന സമിതി എന്ന സംഘടന രൂപീകരിച്ച് മുരളി ഷൊർണൂരിൽ സി.പി.എമ്മിന് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു.ഷൊർണൂർ മേഖലയിൽ സി.പി.എമ്മിന് കനത്ത വെല്ലുവിളിയുയർത്തിയ മുരളി ആറുവർഷത്തിനുശേഷം പാർട്ടിയിലേക്ക് തിരിച്ചുവരികയാണ്.കഴിഞ്ഞ ജൂൺ മാസത്തിലാണ് ഷൊർണ്ണൂർ നഗരസഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മുരളി രാജിവെച്ചത്.  സി.പി.ഐ.എമ്മിലേക്ക് തിരികെ പോകുന്നുവെന്ന പ്രചരണങ്ങൾക്കിടെയായിരുന്നു മുരളിയുടെ രാജി.ഏതായാലും എം ആര്‍ മുരളിയുടെ തിരിച്ചുവരവു പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.ഗൌരിയമ്മയും സി എം പി അരവിന്ദാക്ഷന്‍ വിഭാഗവും അടുത്തിടെയാണ് സി പി എം ചേരിയിലേക്ക് തിരികെയെത്തിയത്.

ഇതിനിടെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന പോളിറ്റ്ബ്യൂറോ,​ കേന്ദ്ര കമ്മിറ്റി യോഗങ്ങൾക്കു ശേഷം പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്  വാർത്താ സമ്മേളനത്തിൽ സി.പി.എമ്മിന്റെ രാഷ്ട്രീയ നയം പുന:പരിശോധിക്കുമെന്നും ഇനി മുതൽ ജനങ്ങൾക്കിടയിലേക്ക് കൂടുതലായി  ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുമെന്നും പറഞ്ഞു.പാർട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായി. സംഘടനാതലത്തിൽ തിരുത്തലുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജനകീയ പിന്തുണ കുറഞ്ഞതിന്റെ  കാരണങ്ങൾ വിശദമായി തന്നെ വിലയിരുത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുംമെന്നും വെല്ലുവിളികൾ കേന്ദ്ര കമ്മിറ്റി ഒറ്റക്കെട്ടായി തന്നെ നേരിടുമെന്നും അടുത്ത പാർട്ടി കോൺഗ്രസിനു മുന്പ് പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രക്രിയ അവസാനിക്കുമെന്നും കാരാട്ട് പറഞ്ഞു. 

INDIANEWS NEWDELHI

 

Leave a Reply