728-pixel-x-90-2-learn
728-pixel-x-90
<< >>

ഗെയിംസ് നടത്തിപ്പില്‍ തൃപ്തി; ലാലിസത്തിന്റെ പ്രതിഫലം തിരികെ വാങ്ങില്ല

തിരുവനന്തപുരം:ദേശീയ ഗെയിംസ് നടത്തിപ്പില്‍ പൂര്‍ണ സംതൃപ്തിയാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എന്നാല്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ തിരുത്തപ്പെടേണ്ട പോരായ്മകളുണ്ടായിരുന്നു അത് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യപ്രവര്‍ത്തകരോട് അറിയിച്ചു.ലാലിസത്തിനായി മോഹന്‍ലാല്‍ കൈപറ്റിയ തുക തിരികെ വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗെയിംസ് നടത്തിപ്പ് സമിതിയിലും ഉദ്യോഗസ്ഥരിലും പൂര്‍ണ വിശ്വാസമുണ്ടെന്നും വിവാദങ്ങളുണ്ടാക്കി സര്‍ക്കാരിന്റെ മനോവീര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് 15 കോടി രൂപ 2011ല്‍ തന്റെ യോഗം ചേര്‍ന്ന് നിശ്ചയിച്ചതാണ്. അത് ഒരു തരത്തിലും കൂടതലല്ല. ഗെയിംസ് സംബന്ധിച്ച ഓരോ വാര്‍ത്തയും സശ്രദ്ധം നിരീക്ഷിച്ച് വരികയായിരുന്നു. ഒരു ചെറിയ തെറ്റുപോലും വരരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഗെയിംസ് കേരളത്തിന്റെ അഭിമാന പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോഹന്‍ലാലിന്റെ ലാലിസം പരിപാടിയെ കുറിച്ചാണ് വിമര്‍ശനം ഏറെ ഉയര്‍ന്നത്.പരിപാടിക്കായി മോഹന്‍ലാലിനെ താനാണ് ക്ഷണിച്ചത്.അപ്പോള്‍ തന്നെ അദ്ദേഹം സമയക്കുറവ് ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ കേരളത്തിന്റെ അഭിമാന പ്രശ്‌നമാണെന്ന് പറഞ്ഞപ്പോള്‍ വഴങ്ങുകയായിരുന്നു.ഈ വിവാദത്തിലേക്ക് ലാലിനെ വലിച്ചിഴച്ചതില്‍ സര്‍ക്കാരിന് അതിയായ ഖേദമുണ്ട്. മോഹന്‍ലാല്‍ കേരളം ഏറെ സ്‌നേഹിക്കുന്ന് നടനാണ്. പരിപാടിക്ക് പ്രതിഫലമായി നല്‍കിയ തുക അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് തിരികെ വാങ്ങില്ല. ഈതുക മോഹന്‍ലാല്‍ തനിക്കായി വാങ്ങിയതല്ല. കരാറൊപ്പിട്ടാണ് തുക വാങ്ങിയത്. ലാലിസത്തിലെ കലാകാരന്മാര്‍ക്കുള്ള പ്രതിഫലമാണത്. അത് തിരികെ വാങ്ങാന്‍ സര്‍ക്കാരിന് ധാര്‍മികമായി അവകാശമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദേശീയ ഗെയിംസിന്റെ ക്യാപ്റ്റനായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. മുഴുവന്‍ സമയവും കഷ്ടപ്പെട്ടാണ് അദ്ദേഹം ഗെയിംസിനുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങിനെക്കാള്‍ ഗംഭീരമായി തന്നെ സമാപന ചടങ്ങും നടത്തും. നേരത്തെ നിശ്ചയിച്ച ബഡ്ജറ്റ് പ്രകാരം തന്നെ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

INDIANEWS24 TVPM

Leave a Reply