ന്യൂഡല്‍ഹി: ബലാല്‍സംഗ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ ആത്മീയനേതാവ് ഗുര്‍മിത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ. സി ബി ഐ പ്രത്യേക കോടതി ജഡ്ജി ജദ്ജീര് സിംഗ് തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് രാജ്യം ഉറ്റുനോക്കുന്ന വിധി പ്രഖ്യാപിച്ചത്. വിധി കേട്ട് പൊട്ടിക്കരഞ്ഞ് നിലത്ത് കിടന്ന ഗുര്‍മീതിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചാണ് നീക്കിയത്.
സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് റോത്തക്കിലെ ജില്ലാ ജയിലിലെ വായനാ മുറി കോടതി മുറിയാക്കിമാറ്റുകയായിരുന്നു. കേസില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് വിധിക്കും മുമ്പ് ഇന്ന് ഇരുഭാഗത്തിനും വാദത്തിന് കോടതി അവസരം നല്‍കിയിരുന്നു.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് തന്നെ നല്‍കണമെന്നും സിബിഐ ആവശ്യപ്പെട്ടു. റാംറഹീം സമൂഹത്തിന് നല്കിയ സംഭാവനയും 50 വയസ് പ്രായവും കണക്കാക്കി കുറഞ്ഞ ശിക്ഷ നല്‍കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരം ബലാല്‍സംഗത്തിന് 10 വര്‍ഷം കഠിന തടവ് കോടതി വിധിച്ചു. 506, 511 വകുപ്പുകള്‍ പ്രകാരം 3 വര്‍ഷം കഠിന തടവും കോടതി വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 65000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.
INDIANEWS24.COM