ആലപ്പുഴ: എറണാകുളത്തെ തുത്തിപ്പുറം ബോട്ട്ക്ലബ്ബിനുവേണ്ടി ഗബ്രിയേല്‍ ചുണ്ടന് 65-ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ ജേതാക്കളായി. പ്രൊഫഷണല്‍ തുഴക്കാരെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് പതിവിലും ഏറെ വൈകി നടന്ന ഫൈനല്‍ രാത്രിയോടടുത്താണ് നടന്നത്. പായിപ്പാട്, കാരിച്ചാല്‍ എന്നീ ചൂണ്ടങ്ങളെ പിന്തള്ളിയാണ് ഫോട്ടോഫിനിഷില്‍ ഗബ്രിയേല്‍ ചുണ്ടന് കന്നി രാജാക്കന്മാരായത്.
മഹാദേവി കാട്ടില്‍ തെക്കേതില്‍ വള്ളമാണ് രണ്ടാമതായി ഫിനിഷ് ചെയ്തത്. പായിപ്പാട് മൂന്നാമതും കാരിച്ചാല്‍ നാലാമതും എത്തി.അഞ്ച് ഹീറ്റ്സുകളിലായി മത്സരിച്ച 20 ചുണ്ടന് വള്ളങ്ങളില്‍ നിന്നും മികച്ച സമയം കുറിച്ച നാല് വള്ളങ്ങളാണ് ഫൈനലിന് യോഗ്യത നേടിയത്. ഫൗള്‍ സ്റ്റാര്‍ട്ട് കാരണം മൂന്നാം ഹീറ്റ്സിലെ മത്സരം നാല് തവണ മുടങ്ങി. ഇത് ചില തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. മത്സരനടത്തിപ്പിലുണ്ടായ കാലതാമസം ഫൈനലിനെയും ബാധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമേള ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, തോമസ് ചാണ്ടി, ജി. സുധാകരന്, തോമസ് ഐസക്ക്, ഇ. ചന്ദ്രശേഖരന് എന്നിവര്‍ പങ്കെടുത്തു. 28 ചുണ്ടന് വള്ളങ്ങളുള്‍പ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫിയില്‍ പങ്കെടുത്തത്.
INDIANEWS24.COM Alappuzha