പത്തനാപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ പത്തനാപുരം എംഎല്‍എയും മുന്‍മന്ത്രിയുമായ കെ ബി ഗണേശ്കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ പോലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എയുടെ ഓഫീസില്‍നിന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇയാളെ അറസ്റ്റ് ചെയ്തത്. കാസര്‍കോട്ടേയ്ക്ക് കൊണ്ടുപോയ ഇയാളെ കോടതിയില്‍ ഹാജരാക്കും. പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയ പിന്നാലെയാണ് നടപടി.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിനെ പ്രദീപ്കുമാര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും മൊഴി മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി. വിപിന്‍ലാലിന്റെ പരാതിയില്‍ പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.