728-pixel-x-90-2-learn
728-pixel-x-90
<< >>

ഖത്തറില്‍ വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ താമസാനുമതി രേഖപ്പെടുത്തുന്നത് ഒഴിവാക്കും

ദോഹ:ഖത്തറില്‍ വിദേശ താമസക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്‍ താമസാനുമതി പതിക്കുന്നത് ഒഴിവാക്കിയുള്ള പുതിയ റെസിഡന്‍സ് കാര്‍ഡുകള്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.സ്റ്റിക്കര്‍ ഫ്രീ റെസിഡന്‍സ് പെര്‍മ്മിറ്റെന്ന ഈ സംവിധാനത്തെ കുറിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

ഈ മാസം പതിനഞ്ചു മുതലായിരിക്കും പാസ്‌പോര്‍ട്ടില്‍ താമാസാനുമതി പതിക്കുന്നത് ഒഴിവാക്കി പുതിയ റസിഡന്‍സ് കാര്‍ഡുകള്‍ നല്‍കി തുടങ്ങുക.വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ താമസക്കാരുടെ ഐഡന്റിറ്റി വ്യക്തമാക്കാനും താമസാനുമതി കാണിക്കാനുമുള്ള ഔദ്യോഗിക രേഖ ഇനിമുതല്‍ റസിഡന്‍സ് കാര്‍ഡുകള്‍ മാത്രമായിരിക്കും.ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്റ് എക്‌സ്പാട്രിയേറ്റ് അഫേഴ്‌സ് അധികൃതരാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.

അപേക്ഷകന്റെ ഇഷ്ടാനുസരണം സാധാരണ റസിഡന്‍സ് കാര്‍ഡോ സ്മാര്‍ട്ട് റസിഡന്‍സ് കാര്‍ഡോ തെരഞ്ഞെടുക്കാം.പുതിയ കാര്‍ഡിന് അപേക്ഷിക്കാനുള്ള ഫീസ് നിലവിലുള്ളത് തന്നെയാണ്.പുതിയ അപേക്ഷകര്‍ക്കു ഈ മാസം പതിനഞ്ചു മുതലും നിലവിലുള്ള താമസക്കാര്‍ക്ക് അവരുടെ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുമ്പോഴും പുതിയ കാര്‍ഡുകള്‍ നല്‍കും.അപേക്ഷകന്റെ ഇഷ്ടപ്രകാരം ഒന്ന് മുതല്‍ മൂന്നു വര്‍ഷത്തേക്കും ചില വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ കാലാവധിയിലും കാര്‍ഡ് പുതുക്കാവുന്നതാണ്.

സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഉള്ളവരുടെ താമസാനുമതി പുതുക്കാനുള്ള അപേക്ഷകള്‍ മെട്രാഷ് ,ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ഇ ഗവണ്‍മെന്റ് വെബ്‌സൈറ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.കുടുംബ,വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പിലുള്ളവരുടെ താമാസാനുമതി ഓണ്‍ലൈനിലും ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങള്‍ വഴിയും പുതുക്കാനാവും.ഓണ്‍ലൈന്‍ വഴി താമാസാനുമതി പുതുക്കുന്നവര്‍ക്ക് തപാല്‍ വഴിയായിരിക്കും പുതിയ റസിഡന്‍സ് കാര്‍ഡുകള്‍ ലഭിക്കുക.പുതുതായി റസിഡന്‍സ് കാര്‍ഡിനു അപേക്ഷിക്കുന്നവര്‍ മാത്രമേ പാസ്‌പോര്‍ട്ട് ഹജാരക്കേണ്ടതുള്ളുവെന്നും കാലാവധി പുതുക്കുന്നതിന് പാസ്‌േപാര്‍ട്ടോ മറ്റു രേഖകളോ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

INDIANEWS24.COM Gulf Desk

Leave a Reply