വാഷിംഗ്ടണ്‍ : രാജ്യത്തെ സ്തംഭനാവസ്ഥയിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് ഖജനാവ് ഭാഗികമായി പൂട്ടാന്‍ ഇടവരുത്തിയത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ആരോപിച്ചു. സര്‍ക്കാരിനെയും രാജ്യത്തെയാകമാനവും സ്തംഭിപ്പിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങളും നിഷേധിച്ചിരിക്കുകയാണ്-ഒബാമ കുറ്റപ്പെടുത്തി. അതിനിടെ ചെലവു വെട്ടിച്ചുരുക്കലിന്റെ ഭാഗമായി ഒബാമ ഈയാഴ്ച നടത്താനിരുന്ന മലേഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി. ഒബാമയ്ക്കു പകരം വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയായിരിക്കും മലേഷ്യ സന്ദര്‍ശിക്കുക. ബജറ്റ് പാസാക്കാനാവാഞ്ഞതിനാല് , അവശ്യസേവനങ്ങളൊഴികെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. യു.എസ്. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് അര്‍ധരാത്രി 12.01നാണ് (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 9.31) സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നൊന്നായി പൂട്ടിത്തുടങ്ങിയത്. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പോയിത്തുടങ്ങി. ദേശീയോദ്യാനങ്ങളും മുതിര്‍ന്ന പൗരന്മാരുടെ പരിചരണകേന്ദ്രങ്ങളും അടച്ചു. യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും നിര്‍ത്തി. ഈനില തുടര്‍ന്നാല്‍, യു.എസ്. വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴും. യു.എസ്. സമ്പദ്വ്യവസ്ഥയെ മാത്രമല്ല, ആഗോള സാമ്പത്തിക സ്ഥിതിയെയും ഇത് പ്രതികൂലമായി ബാധിക്കും.