തിരുവനന്തപുരം: ഭാരതപ്പുഴയിലൂടെ നടന്നപ്പോള്‍ അവിടയുണ്ടായിരുന്ന വസ്തുക്കളില്‍ കൗതുകം തോന്നിയ യുവാവ് തന്റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രമാണ് കുറ്റിപ്പുറത്ത് കുഴിബോംബ് കണ്ടെത്തുന്നതിന് വഴിത്തിരിവായത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുവാണെന്ന് വ്യക്തമായി. യുദ്ധത്തിന് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ബോംബുകളാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ളത്.
വളാഞ്ചേരി സ്വദേശിയായ യുവാവ് സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്യാമെന്നു കരുതി ഭാരതപ്പുഴയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് അതില്‍ എഴുതിയ വാചകം ശ്രദ്ധയില്‍പ്പെട്ടത്. പുഴയില്‍ കണ്ടെത്തിയ വസ്തുവില്‍ FRONT TOWARD ENEMY എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ആകാംഷതോന്നിയ ഇയാള്‍ ഇതേ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോഴാണ് കുഴിബോംബ് ആയിരിക്കാമെന്ന സംശയം ബലപ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
യുവാവിനെയും കൂട്ടി സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ നിന്നും അഞ്ച് ബോംബുകളാണ് കണ്ടെത്തിയത്. ഇവ പ്രത്യേകം സജ്ജമാക്കിയ പെട്ടിയിലാക്കി എ ആര് ക്യാമ്പിലേക്കു മാറ്റി. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവ കുവൈറ്റ്, ഇറാഖ്, ബോസ്നിയ യുദ്ധങ്ങളില്‍ ഉപയോഗിച്ചതരം ഉഗ്രസ്ഫോടക ശേഷിയുള്ള കുഴിബോംബുകളാണെന്ന് വ്യക്തമായത്.
INDIANEWS24.COM T V P M