728-pixel-x-90-2-learn
728-pixel-x-90
<< >>

ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം വിപണിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി:തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേതുള്‍പ്പെടെയുള്ള സ്വര്‍ണശേഖരം ആഭ്യന്തര വിപണിയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വ്യാപാര സ്വര്‍ണാവശ്യങ്ങള്‍ പരിഗണിച്ച് വ്യാപാരകമ്മി ഇല്ലാതാക്കാനായി സമ്പത്തില്‍ മുന്‍ നിരയിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി.ഇതിനായി തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രം, മുംബൈയിലെ പ്രശസ്തമായ സിദ്ധി വിനായക ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലെ സ്വര്‍ണം ഉപയോഗപ്പെടുത്താന്‍ പറയുന്നുണ്ട്.

സ്വര്‍ണവും പരമ്പരാഗത നിധികളും സര്‍ക്കാരിലേക്കു നിക്ഷേപമായി സ്വീകരിച്ചു പലിശ നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ പുതിയ പദ്ധതി വിശ്വാസികള്‍ ഏതുരീതിയില്‍ നേരിടുമെന്ന ആശങ്കയിലാണ് കേന്ദ്രസര്‍ക്കാരിലെ ഒരുവിഭാഗം മന്ത്രിമാരും വിദഗ്ധരും.

ബാങ്കുകളില്‍ നിക്ഷേപമായി സ്വര്‍ണം സ്വീകരിച്ചു പലിശ നല്‍കുന്നതാണു പുതിയ പദ്ധതി.ശതകോടികള്‍ വിലമതിക്കുന്ന സ്വര്‍ണ, രത്‌ന ശേഖരം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു.ഇത്തരം നിക്ഷേപം സര്‍ക്കാരിലെത്തിച്ചു വികസന പ്രവര്‍ത്തനങ്ങളിലൂടെ രാജ്യപുരോഗതിക്ക് ഉപയോഗിക്കുകയാണു ലക്ഷ്യം.അടുത്ത മാസം തുടങ്ങാന്‍ ഉദേശിക്കുന്ന പദ്ധതിയിലൂടെ സമാഹരിക്കുന്ന സ്വര്‍ണം ഉരുക്കി വ്യാപാരികള്‍ക്കു വായ്പയായി നല്‍കാനാണു തീരുമാനം.ഇതുവഴി രാജ്യത്തെ സ്വര്‍ണ ഇറക്കുമതി നാലിലൊന്നു കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.പ്രതിവര്‍ഷം 800 മുതല്‍ 1000 ടണ്‍ വരെ സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണു കണക്ക്.

ഇതോടൊപ്പം രാജ്യത്തെ വ്യക്തികള്‍ കൈവശം സൂക്ഷിക്കുന്ന സ്വര്‍ണം കൂടി നല്ല പലിശ നല്‍കി ബാങ്കുകളില്‍ നിക്ഷേപിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ വ്യക്തികളില്‍ മാത്രം ഏതാണ്ട് 17,000 ടണ്‍ സ്വര്‍ണമുണ്ടെന്നാണു കണക്ക്.ഇത്തരമൊരു പദ്ധതി 1999 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കിലും തുച്ഛമായ പലിശയാണു ബാങ്കുകള്‍ നല്‍കിയിരുന്നത്.

INDIANEWS24 NEWDELHI

Leave a Reply