jio 800x100
jio 800x100
728-pixel-x-90
<< >>

ക്ലാസ്സും മാസ്സും സമന്വയിപ്പിച്ച മലയാളത്തിലെ പ്രഥമ ന്യൂജെന്‍ സംവിധായകന്‍

സിനിമയില്‍ വന്ന മാറ്റത്തിനെ ന്യൂജനറേഷന്‍ എന്ന് വിളിക്കാമെങ്കില്‍ മലയാള സിനിമയെ അടിമുടി മാറ്റാന്‍ തുടങ്ങിയ സിനിമാക്കാരന്‍ എന്നായിരിക്കും ഐ വി ശശി എന്ന സൂപ്പര്‍ ഹിറ്റുകളുടെ സ്രഷ്ടാവിനെ ചരിത്രം അടയാളപ്പെടുത്തുന്നത്. നിരുപക പ്രശംസക്ക് മാത്രം നിന്നുകൊടുക്കുന്ന ക്ലാസ്സ് ചിത്രങ്ങളെ മാസ്സ് ആക്കിമാറ്റിയ മാസ്മരികതയും ആ സംവിധാന മികവിന്റെ അടയാളങ്ങളായിരുന്നു. നടനും നടിയും അഭിനേതാക്കളാണ്, സിനിമയിലെ സ്ഥിരം വില്ലനോ നായകനോ അച്ഛനോ അമ്മയോ തമാശക്കാരനോ അല്ല എന്ന് മലയാള സിനിമയിലൂടെ കാണിച്ചു തരാന്‍ തുടങ്ങിയതും ഈ സംവിധായകന്‍ തന്നെ.

മൂന്ന് കാലുള്ള സ്റ്റാന്‍ഡില്‍ നിന്നും, ട്രോളിയില്‍ നിന്നും ക്യാമറയെടുക്കാതെയുള്ള സീനുകള്‍ കണ്ട മലയാള സിനിമാ പ്രേക്ഷകന് ഐ വി ശശിയുടെ ഫ്രെയിമുകള്‍ അല്‍ഭുതമായിരുന്നു. തന്റെ സിനിമയ്ക്ക് ജീവന്‍ നല്‍കുന്നവരെ ഏത് ആങ്കിളില്‍ നിന്നും പ്രേക്ഷകന്‍ കാണണമെന്ന് തീരുമാനിക്കാന്‍ ധൈര്യം കാട്ടുകയായിരുന്നു ഈ സംവിധായകന്‍. അത് കണ്ട് അല്‍ഭുതംകൂറിയ സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ഷോട്ടുകളും ഓരോ പാഠങ്ങളായി. പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ച്ചകളായി. വിഖ്യാത സംവിധാനത്തിനത്തിലൂടെ മലയാളിക്ക് സിനിമയോടുള്ള ഇഷ്ടത്തെ കൂടുതലായി ഇഷ്ടപ്പെടുത്തിയ ആ സിനിമാക്കാരന്റെ സംവിധാന ചരിത്രവും പകരംവെക്കാനില്ലാത്ത മാസ്സ് തന്നെയാണ്.

സത്യന്‍മാഷിനെ കാലം കവര്‍ന്നെടുത്തെങ്കിലും പ്രേംനസീര്‍ മധു തുടങ്ങിയവരില്‍ മാത്രം നിലകൊണ്ട നായക വേഷത്തിലേക്ക് കൊടുംവില്ലനായ ഉമ്മറിനെ അവരോധിച്ച് പൂര്‍ത്തിയാക്കിയതാണ് ആദ്യ സിനിമ ഉത്സവം. ഉമ്മറിനെ പുറകെ നടന്ന് സമ്മതിപ്പിച്ചാണ് നായകനാക്കിയത്. ചിത്രം റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളില്‍ എല്ലാവരും പ്രതീക്ഷിച്ചപോലെ ആള് കുറവ്. ആദ്യ ഞായറാഴ്ച്ചയായപ്പോള്‍ തിയേറ്റര്‍ ഹൗസ്ഫുള്‍. എറണാകുളത്ത് ഒരു ഗ്രാമത്തിലെ കുടിവെള്ള പ്രശ്‌നം പ്രമേയമാക്കിയ ആ സിനിമ കണ്ട് പുറത്തെത്തിയ പ്രേക്ഷകര്‍ പറഞ്ഞു ‘ ഈ ചിത്രം പറയുന്നത് ഞങ്ങളുടെ പ്രശ്‌നങ്ങള്‍’. പിന്നീട് ആ സിനിമയുടെ പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ തിയേറ്ററുകളില്‍ ഉത്സവമായിരുന്നു. പിന്നെയും ഹിറ്റുകള്‍ പിറക്കാന്‍ തുടങ്ങി. പിന്നീട് സംവിധാനം ഐ വി ശശി എന്ന പേരു കേട്ടാല്‍ തിയേറ്ററുകളില്‍ ഉത്സവത്തിന്റെ ആള്‍ക്കൂട്ടമായി. ചരിത്രത്തില്‍ ആദ്യമായി സിനിമയുടെ പോസ്റ്ററില്‍ താരങ്ങളുടെ മുഖമില്ലാതെ ‘സംവിധാനം ഐ വി ശശി’ എന്ന് മാത്രം വയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ആത്മവിശ്വാസമേകി.

ഐ വി ശശിയുടെ ക്ലാസ്സുകള്‍ നിരവധിയുണ്ട്. മുടക്കിയ കാശിന് അര്‍ഹമായ പ്രതിഫലം കിട്ടും എന്ന് നിര്‍മ്മാതാക്കള്‍ക്ക് ധൈര്യം നല്‍കുന്നതായിരുന്നു ക്ലാസ്സുകളെ മാസ്സാക്കിയ ആ ജാലവിദ്യ. ഉത്സവത്തെ കൂടാതെ ആശിര്‍വാദം, അവളുടെ രാവുകള്‍, ഇതാ ഇവിടെ വരെ, ഊഞ്ഞാല്‍, വാടകയ്ക്ക് ഒരു ഹൃദയം, ഈറ്റ, അഹിംസ, തൃഷ്ണ, ഇണ, ഉയരങ്ങളില്‍, അനുബന്ധം, കരിമ്പിന്‍ പൂവിനക്കരെ, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍, രംഗം, 1921, മൃഗയ, ദേവാസുരം ഇങ്ങനെ നീളുന്നു ആ ക്ലാസ് ഹിറ്റുകളുടെ നിര.

ക്ലാസ്സുകളെ ഹിറ്റാക്കാന്‍ ആത്മവിശ്വാസമുണ്ടായപ്പോഴും പണംവാരി ചിത്രങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കാനും ഈ സിനിമാക്കാരന്‍ മടി കാട്ടിയില്ല. ലാഭത്തിന് വേണ്ടിയുള്ള ഉല്‍പന്നം മാത്രമായും ഐ വി ശശി സിനിമകള്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. അപ്പോഴും അതില്‍ വ്യക്തമായ ഒരു നിലപാട് മുറുകെ പിടിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ആ ചിത്രങ്ങളുടെ നിരയിലെ ആദ്യ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ആദ്യത്തെ മാസ്സ് നായകനെയാണ്. നാവികസേനയില്‍ നിന്നും വിരമിച്ച കൃഷ്ണന്‍ നായര്‍ അങ്ങനെ ജയന്‍ എന്ന യുവാക്കളുടെ ഹരമായിമാറി. പ്രേക്ഷക ലക്ഷങ്ങളെ ഞെട്ടിച്ച ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷവും ഐ വി ശശി പുതിയ മാസ്സ് ചിത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ പോന്നതായിരുന്നു അവയെല്ലാം. അങ്ങാടി, കരിമ്പന, മീന്‍, അലാവുദ്ദീനും അല്‍ഭുതവിളക്കും, തുഷാരം, ഈ നാട്, ജോണ്‍ ജാഫര്‍ ജനാര്‍ദനന്‍, അതിരാത്രം, നാണയം, അമേരിക്ക അമേരിക്ക, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, അനുരാഗി, വ്രതം, അക്ഷരതെറ്റ് ഇങ്ങനെ നീളുന്നു പണംവാരി ചിത്രങ്ങളുടെ ആ ഹിറ്റ് നിര.

സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ പറയുമ്പോള്‍ പ്രേക്ഷകരുടെ താല്‍പര്യത്തിനോട് നീതി പുലര്‍ത്താത്ത ക്ലാസ്സുകള്‍ക്കിടയിലേക്ക് അവരുടെ പള്‍സ് അറിഞ്ഞ് ചെയ്ത ചിത്രങ്ങളുമായി ആ സിനിമാക്കാരന്‍ ഇനിയില്ല. സ്‌ക്രീനിനു പിന്നില്‍ വെളുത്ത തൊപ്പിയും ധരിച്ച് ഇച്ഛാശക്തിയുടെ പ്രതീകമായി ആക്ഷന്‍ പറഞ്ഞ ആ സംവിധായകന്‍ ഒരു കട്ട് പോലും പറയാതെ പോയിക്കഴിഞ്ഞിരിക്കുന്നു, ഒരുപാട് ഫ്രെയിമുകള്‍ ബാക്കിവച്ച്.

INDIANEWS24.COM

Leave a Reply