jio 800x100
jio 800x100
728-pixel-x-90
<< >>

ക്രിസ്മസ് “സിനിമ” പരീക്ഷാഫലം പുറത്ത് വന്നു !

ക്രിസ്മസ് “സിനിമ” പരീക്ഷാഫലം പുറത്ത് വന്നു. മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീമിന്‍റെ ദൃശ്യം ഒന്നാം റാങ്ക് കരസ്ഥമാക്കി. ലാല്‍ ജോസ് – ദിലീപ് ചിത്രം ഏഴ് സുന്ദര രാത്രികളും സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒരുമിച്ച ഒരു ഇന്ത്യന്‍ പ്രണയകഥയും മോശമല്ലാത്ത വിജയം നേടി.

ലാല്‍ജോസ്- ദിലീപ് ഹിറ്റുകളുടെ നിലവാരത്തിലേക്ക് എത്തിയില്ലെങ്കിലും ഏഴ് സുന്ദര രാത്രികള്‍ ഒരു പരിധി വരെ കണ്ടിരിക്കാവുന്ന സിനിമയാണ്. ചിത്രം ഒരു പ്രാവശ്യം ബോറടിക്കാതെ കണ്ടിരിക്കാം. ചിത്രത്തിലെ സര്‍പ്രൈസ് പെര്‍ഫോര്‍മന്‍സ് മുരളി ഗോപിയുടെതാണ്. ഒരു നല്ല “വിഗ്” മാത്രമായിരുന്നു ഇതുവരെ മുരളി ഗോപി നേരിട്ട പ്രധാന വെല്ലുവിളി. ഈ അടുത്തകാലത്തും ആഗസ്റ്റ്‌ ക്ലബ്ബും കാഞ്ചിയും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങി വെടി വഴിപാട് വരെ നേരിട്ട ഈ പ്രശ്നത്തിനു മുരളി ഗോപി “സ്വയം” പരിഹാരം കണ്ടിരിക്കുന്നു, തന്‍റെ തല മുണ്ഡനം ചെയ്തുകൊണ്ട്. അഭിനയത്തിന്‍റെ കാര്യത്തില്‍ ഭരത് ഗോപി എന്ന മഹാ പ്രതിഭയ്ക്ക് ചേര്‍ന്ന പിന്‍ഗാമി തന്നെയാണെന്ന് തെളിയിക്കുകയാണ് മകന്‍ മുരളി ഗോപി. കന്യക ടാക്കീസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മുരളി ഗോപിയ്ക്ക് ഇത് അംഗീകാരങ്ങളുടെ വര്‍ഷമാകാനാണ് സാധ്യത.

സത്യന്‍ അന്തിക്കാടിന്‍റെ ഇന്ത്യന്‍ പ്രണയ കഥയും കണ്ടിരിക്കാവുന്ന ചിത്രമാണ്. ക്രിസ്മസ് പരീക്ഷയില്‍ ഏതായാലും രണ്ടാം റാങ്ക് ഈ ചിത്രത്തിനാണ്. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റെ സ്ക്രിപ്റ്റ് തന്റെ ക്ലീഷേ ശൈലിയില്‍ നിന്നും വ്യതിചലിക്കാന്‍ സത്യന്‍ അന്തിക്കാടിനെ ഒരു പരിധി വരെ സഹായിച്ചു. ഫഹദും തന്റെ പുതിയ വേഷപ്പകര്‍ച്ച മോശമാക്കിയില്ല. ഡയമണ്ട് നെക്കലേസ് എന്ന തന്റെ ഏറ്റവും മികച്ച സ്ക്രിപ്ടിനോപ്പം എത്തിയില്ലെങ്കിലും “ അറബ് ഭൂമികയില്‍ ” നിന്നും പുറത്ത് ചാടാന്‍ ഇഖ്‌ബാലിനെ ഇന്ത്യന്‍ പ്രണയ കഥ സഹായിച്ചു.

ക്രിസ്മസ് ചിത്രങ്ങളില്‍ ദൃശ്യം ഏറെ മുന്നിലെത്തിക്കഴിഞ്ഞു. കലാമേന്മയും പ്രേക്ഷക പ്രീതിയും ഒരു പോലെ നേടിയ ഈ മോഹന്‍ലാല്‍ ചിത്രം പ്രേക്ഷകരെ ത്രസിപ്പിക്കുന്നു.റിലീസ് കേന്ദ്രങ്ങളിലെമ്പാടും വന്‍ ജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു മദ്യപാന രംഗമോ ഹീറോയുടെ “തിരിച്ചു തല്ലല്ലോ” “ഐറ്റം ഡാന്‍സോ”അസഹനീയമായ കോമഡി പ്രയോഗങ്ങളോ ഇല്ലാതെ “സൈക്കിളും” “തൂമ്പയും” “കൃഷിയും” “ചായക്കടയും” “മലയോരക്കാഴ്ച്ചകളുമായി” ഒരു ത്രില്ലര്‍ ഒരുക്കിയ ജീത്തു ജോസഫ് തന്നെയാണ് ഈ ക്രിസ്മസിന്‍റെ താരം.

2013ല്‍ മികച്ച തിരക്കഥകളും സംവിധായകരുമില്ലാതെ നിസ്സഹായാനായി ഉഴറിയ മലയാളത്തിന്‍റെ എക്കാലത്തെയും വലിയ ക്രൌഡ് പുള്ളറായ മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക്‌ തിരികെ നല്‍കിയ ദൃശ്യം മലയാള സിനിമയുടെ സാമ്പത്തിക രംഗത്ത് പുത്തനുണര്‍വ്വ് സമ്മാനിക്കുകയാണ്. ഏറെ നാളുകള്‍ക്കു ശേഷം സാറ്റലൈറ്റ് സപ്പോര്‍ട്ടില്ലാതെ തിയേറ്റര്‍ കളക്ഷന്റെ മാത്രം പിന്‍ബലത്തില്‍ ഒരു നല്ല ചിത്രം വിജയിക്കുന്നു എന്നത് ശുഭോദര്‍ക്കമാണ്. ഒപ്പം നല്ല തിരക്കഥയില്‍ സമയമെടുത്ത് ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മികച്ച പ്രോജക്റ്റുകള്‍ മാത്രം ചെയ്‌താല്‍ ഇനിയുമെറെകാലം മലയാള സിനിമ വ്യവസായത്തിന്‍റെ നേടും തൂണായി തുടരുവാന്‍ മോഹന്‍ലാലിനു കഴിയും എന്ന തിരിച്ചരിവ് കൂടിയാണ് ദൃശ്യം എന്ന മഹാ വിജയം.

മോഹന്‍ലാലും മമ്മൂട്ടിയും ഒന്ന് മനസ് വച്ചാല്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ ജനിക്കും. പുതിയ തലമുറ അതിനു സജ്ജമായിക്കഴിഞ്ഞു. തങ്ങളുടെ അപ്പിയറന്‍സിനും പ്രായത്തിനും പ്രതിഭയ്ക്കും ചേരുന്ന മികച്ച തിരക്കഥകള്‍ ( പൂര്‍ണ്ണമായ) തെരഞ്ഞെടുക്കുകയും അവ  ആവശ്യത്തിനു സമയം നല്‍കി കയ്യടക്കത്തോടെ ചിത്രീകരിക്കപ്പെടുകയും ചെയ്താല്‍  മികച്ച ക്ലാസിക് ചിത്രങ്ങളുടെ ഒരു നിര തന്നെയുണ്ടാകും മലയാളത്തില്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തങ്ങളുടെ ജനപ്രിയത മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുവാന്‍ ഉപയോഗിക്കുകയാണ് ഇരുവരും ചെയ്യേണ്ടത്. തങ്ങളെ ഇതിഹാസ താരങ്ങളായി വളര്‍ത്തിയ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും തിരികെ നല്‍കാന്‍ ഇരുവര്‍ക്കും ഇനി ഇതേ ചെയ്യുവാനുള്ളൂ.

ഏതായാലും ഈ ക്രിസ്മസ് കാലം മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും നല്ല സമയമാണ്. ക്രിസ്മസ് റിലീസുകളായ മൂന്ന് ചിത്രങ്ങളില്‍ ഒന്ന് പോലും പ്രേക്ഷകന് തീര്‍ത്തും അപ്രിയകരമല്ല. ഈ മൂന്നു ചിത്രങ്ങളുടെയും സാമ്പത്തിക വിജയം ഏറ്റവും കൂടുതല്‍ സിനിമകളിറങ്ങിയ 2013 നു അലങ്കാരമാണ്.

SANU INDIANEWS24.com

Drishyam-Movieezhu-sundara-rathrikal-poster_1386843974110 Oru Indian Pranayakadha53841 (1)

 

Leave a Reply