728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രിസ്മസ് ഒരു മാര്‍ഗ്ഗമാകട്ടെ

ലോകമെമ്പാടും ക്രിസ്മസിന്‍റെ ലഹരിയിലാണ്.സമാധാനത്തിന്റെ ഉത്സവമാണ് ക്രിസ്മസ്. നന്മയുടെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതിരൂപമായ നല്ലവനായ അയല്‍ക്കാരന്‍റെ ജന്മദിനം ലോകജനത കൊണ്ടാടുകയാണ്. ക്രിസ്‌മസ്‌ ഇന്ന്‌ ഒരു ക്രിസ്തീയ ആഘോഷമല്ല. ജാതി മതഭേദമന്യേ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നന്മയുടെ വിജയത്തിന്റെയും ദിനമായാണ്‌ ക്രിസ്മസിനെ വരവേല്‍ക്കുന്നത്.ഇന്ത്യയെപ്പോലുള്ള മതേതര സമൂഹങ്ങളിലും ഇസ്ലാമിക രാഷ്ട്രങ്ങളിലും ഒക്കെ ഒരു ദേശീയാഘോഷത്തിന്റെ തിമിര്‍പ്പാണ് ക്രിസ്മസ് ദിനത്തില്‍ .

ഇന്ന് സാധാരണ ജനങ്ങളെ സാംബന്ധിച്ച് ക്രിസ്മസ് അവധിക്കാലവും ആഘോഷവുമാണ്.അന്യദേശങ്ങളില്‍ ഉപജീവനത്തിനായി കഴിയുന്നവര്‍ക്ക് കൂടണയാന്‍ ഒരു കാരണവും കൂടിയാകുന്നു ക്രിസ്മസ്. ക്രിസ്മസിന്‍റെ സങ്കല്പങ്ങള്‍ ഉദാത്തമാണ്. നക്ഷത്ര വിളക്കുകള്‍ തന്നെ ഉദാഹരണം.ഐശ്വര്യത്തിന്റെ നിറദീപമാണ് യേശുവിന്റെ ജനനത്തിനു സാക്ഷ്യം വഹിച്ച നക്ഷത്രങ്ങള്‍ .ഒരുപാട് ഐശ്വര്യങ്ങളുടെ നാന്ദിയായി നമുക്കതിനെ കാണാം.ക്രിസ്മസുമായി ബന്ധപ്പെട്ട ഓരോ സൂചകങ്ങള്‍ക്കും ഒരു കഥ പറയാനുണ്ട്.അതേ സമയം ഇന്നത്തെ കമ്പോളവ്യവസ്ഥിതിയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ഒരുല്‍പ്പന്നം കൂടിയാണ് ക്രിസ്മസ് എന്ന് പറയാതെ വയ്യ. ടെലിവിഷന്‍ – പത്രം – റേഡിയോ തുടങ്ങിയ എല്ലാ മാധ്യമങ്ങള്‍ക്ക് ക്രിസ്മസ് എന്നാല്‍ ഏറ്റവും മികച്ച പരസ്യവരുമാനാം നേടിത്തരുന്ന ഒരിനമാണ്‌. ക്രിസ്മസിന് എത്രയോ കാലം മുമ്പേ തയ്യാറാക്കുന്ന സന്ദേശങ്ങളും ഇന്റര്‍വ്യൂകളും എത്ര അരോചകമാണ്.കച്ചവടക്കാര്‍ക്ക് പിന്നെ പറയുകയും വേണ്ട.കേക്കും വൈനും തുടങ്ങി ക്രിസ്മസ് ട്രീയും കാര്‍ഡുകളും എന്ന് വേണ്ട ഇല്ലാത്തതൊന്നുമില്ല ക്രിസ്മസ് വിപണിയില്‍ . ഇന്ന് വീടുകളില്‍ പ്രതിഷ്ഠിക്കുന്നത് വ്യാവസായികാടിസ്ഥാനത്തില്‍ ഉണ്ടാക്കപ്പെടുന്ന പുല്‍ക്കൂടുകളാണ്. ബാഹ്യമായ ആഘോഷങ്ങള്‍ക്കാണ് പ്രാധാന്യം. ആര്‍ഭാടവും ധൂര്‍ത്തും ആഘോഷത്തിന്റെ മൂല്യം കുറയ്ക്കുന്നു.ഇതൊക്കെ കണ്ടിരുന്നെങ്കില്‍ ഞാനിവിടെ ജനിച്ചിട്ടേ ഇല്ല എന്ന് യേശു ക്രിസ്തു ഉറക്കെ വിളിച്ചു പറഞ്ഞേനെ.

ക്രിസ്മസ് നിത്യസ്‌നേഹത്തിലേയ്ക്കുള്ള ആഹ്വാനവും സഹനത്തിന്റെ സ്‌നേഹശൈലിയില്‍ ജീവിത പന്ഥാവ് വെട്ടിത്തെളിക്കാനുള്ള വെല്ലുവിളിയുമാണ്.സ്‌നേഹത്തിന്‍റെ ആ വഴിയില്‍ ശത്രുതയോ വൈരമോ ഇല്ല.അവിടെ കരുതലും പരിചരണവും വിട്ടുകൊടുക്കലും മാത്രമേയുള്ളൂ.ഇന്നത്തെ ലോകത്തില്‍ മനുഷ്യന് തന്നിലേക്ക് നോക്കുവാനും സ്വയം പവിത്രീകരിക്കുവാനും ക്രിസ്മസ് ഒരു മാര്‍ഗ്ഗമാകട്ടെ.

സ്‌നേഹത്തിന്റെ ഈ സുദിനം-ക്രിസ്‌മസ്‌ നമുക്ക് ആഘോഷിക്കാം,മാനവികതയുടെ ഏകലോകത്തിനായി.

www.indianews24.com ന്‍റെ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ നേരുന്നു.

SANU INDIANEWS24.COM

Leave a Reply