ലണ്ടന്‍:ക്രിക്കറ്റു കളിക്കിടെ പരിധിവിട്ട് വികാരപ്രകടനം കാട്ടുന്നവര്‍ വിവരമറിയണമെന്ന് കളിയുടെ പണ്ഡിതര്‍ ചിന്തിക്കാന്‍ തുടങ്ങി.ഫുട്ബോളിലും റഗ്ബിയിലും ഉള്ള ചുവപ്പ് കാര്‍ഡ് സംവിധാനത്തിലേക്കാണ് ഇവര്‍ ഉറ്റുനോക്കുന്നത്.ക്രിക്കറ്റ് നിയമങ്ങള്‍ക്ക് രൂപം നല്കുന്ന മെരിലോണ് ക്രിക്കറ്റ് ക്ലബ്ബ് (എം സി സി) ആണ് പുതിയ വ്യവസ്ഥയെ പറ്റി ഗൗരവമായി ആലോചിക്കുന്നത്.താരങ്ങളുടെ പരിധിവിട്ടുള്ള പെരുമാറ്റമാണ് പുതിയ നിയമം പരിഗണിക്കാന്‍ ഇടയാകുന്നത്.
അമ്പയറെ ഭീഷണിപ്പെടുത്തുക,മറ്റൊരു കളിക്കാരനെ ശാരീരികമായി കൈകാര്യം ചെയ്യുക,കളിക്കിടയില്‍ മറ്റേതെങ്കിലും തരത്തില്‍ മോശമായി പെരുമാറുക തുടങ്ങിയ കാര്യങ്ങള്‍ക്ക് കളംവിട്ട് പുറത്തുപോകാന്‍ കര്‍ശന നിര്‍ദ്ദേശം കൊടുക്കുന്ന മാര്‍ഗത്തെ കുറിച്ചാണ് ആലോചിക്കുന്നതെന്ന് എം സി സിയുടെ നിയമകാര്യ വിഭാഗ തലവന്‍ ഫ്രേസര്‍ സ്റ്റുവര്‍ട്ട് അറിയിച്ചു.അടുത്ത കാലത്തായി അഞ്ച് പ്രാദേശിക മത്സരങ്ങള്‍ ക്രിക്കറ്റിനിടെ കളിക്കാര്‍ തമ്മിലുള്ള അടിപിടി മൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
ക്രിക്കറ്റില്‍ ചുവപ്പ് കാര്‍ഡിന് യാഥൊരുവിധ സ്ഥാനമില്ലെങ്കിലും മുമ്പൊരിക്കല്‍ ഓസീസ് ന്യൂസീലാന്‍ഡ് മത്സരത്തിനിടെ ഗ്ലെന്‍ മക്ഗ്രാത്ത് അമ്പയറെ വെല്ലുവിളിച്ചതിന് റെഡ്കാര്‍ഡ് കാട്ടിയത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ചരിത്രത്തിലെ കൗതുക കാഴ്ച്ചകളില്‍ ഒന്നായിരുന്നു.ന്യൂസീലാന്‍ഡ് അമ്പയര്‍ ബില്ലി ബൗഡനായിരുന്നു മക്ഗ്രാത്തിന്റെ വെല്ലുവിളിയെ പോക്കറ്റില്‍ നിന്നും മഞ്ഞകാര്‍ഡും ചുവപ്പ് കാര്‍ഡും കാട്ടി എതിര്‍ത്തത്.
INDIANEWS24.COM Sports Desk