കാലിഫോര്‍ണിയ: കോവിഡ് രോഗം ബാധിക്കുന്നതിന് മുമ്പും ശേഷവുമുള്ള തന്റെ ഫോട്ടോകള്‍ പങ്കുവെച്ച് നഴ്സും ബോഡി ബില്‍ഡറുമായ മൈക്ക് ഷൂള്ട്സ്. കോവിഡ് ചിലരെ എത്രമാത്രം തകര്‍ത്തുകളയും എന്നതിന്റെ നേര്‍സാക്ഷ്യങ്ങളായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ 86 കിലോ ആയിരുന്നു നാല്പത്തിമൂന്നുകാരനായ മൈക്കിന്റെ ഭാരം. ആശുപത്രിയിലെത്തിയ ശേഷം ന്യൂമോണിയയും പിടിപെട്ടു. വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് പിടിച്ചുനിര്‍ത്തിയത്. 57 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ പേശികളെല്ലാം ക്ഷയിച്ച് 63 കിലോ ആയി മൈക്കിന്റെ ഭാരം.
കോവിഡിനെ നിസാരമായി കാണുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് തന്റെ അനുഭവമെന്ന് മൈക്ക് പറയുന്നു. മറ്റൊരു അസുഖവുമുള്ള ആളായിരുന്നില്ല ഞാന്‍. അതിനാല്‍തന്നെ കോവിഡിനെക്കുറിച്ച് തെല്ലും ആശങ്കപ്പെട്ടതുമില്ല. പക്ഷെ, രോഗം പിടിപെട്ടപ്പോഴാണ് ഞാന്‍ അതിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍ പോലും ഭാരമേറിയ വസ്തുവായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് മൈക്ക് പറയുന്നു.