jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ്: രാജ്യാന്തരവിദ്യാര്‍ഥികള്‍ക്ക് നിബന്ധനകളില്‍ ഇളവ് പ്രഖ്യാപിച്ച് കാനഡ

ഓട്ടവ: കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ രാജ്യാന്തരവിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ്‌ നിബന്ധനകളില്‍ കാനഡ താല്‍ക്കാലിക ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് പഠനാര്‍ത്ഥം കാനഡയില്‍ എത്തുന്ന ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് ഈ തീരുമാനം. കാനഡയിലെ കോളേജുകളിലും സര്‍വകലാശാലകളിലും പ്രവേശനം ലഭിച്ചെങ്കിലും കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇവിടെ എത്തപ്പെടാന്‍ കഴിയതെപോയവര്‍ ഇതുവരെ കടുത്ത ആശങ്കയിലായിരുന്നു. കാനഡയിലുണ്ടെങ്കിലും കോളേജുകളും സര്‍വകലാശാലകളും അടഞ്ഞുകിടക്കുന്നതിനാല്‍ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ മാത്രമായി കഴിഞ്ഞിരുന്നവര്‍ക്കും ഇത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.
രാജ്യാന്തരവിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ്‌ ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്‌ [PGWP] ലഭിക്കാനുള്ള നിബന്ധനകളില്‍ സുപ്രധാനമായ മൂന്ന്‍ ഇളവുകളാണ് കാനഡ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാര്യം കാനഡ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍, റെഫ്യൂജീസ് & സിറ്റിസണ്‍ഷിപ്പ് കാനഡ [IRCC] വകുപ്പ് ഔദ്യോഗിക വെബ്സൈറ്റ് വാര്‍ത്താക്കുറിലൂടെ വ്യക്തമാക്കി.
പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ പ്രകാരം, ഇവിടെ പ്രവേശനം ലഭിച്ചെങ്കിലും എത്തപ്പെടാന്‍ കഴിയാതെപോയ വിദ്യാര്‍ത്ഥികള്‍ 2021 ഏപ്രില്‍ 30വരെ അവരവരുടെ രാജ്യങ്ങളിലിരുന്ന് ഓണ്‍-ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുത്താല്‍ മതി. അവരുടെ ആകെ കോഴ്സിന്‍റെ 50 ശതമാനം കാനഡയില്‍ പൂര്‍ത്തീകരിച്ചാല്‍ നിലവില്‍ പങ്കെടുക്കുന്ന ഓണ്‍-ലൈന്‍ കോഴ്സിന്‍റെ സമയവും പോസ്റ്റ്‌ ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റില്‍ പരിഗണിക്കും.
ഈ വര്‍ഷം മേയ്- സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചതോ ആരംഭിക്കാനിരിക്കുന്നതോ ആയ 8-12 മാസ കോഴ്സുകള്‍ക്ക് രെജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും കാനഡയ്ക്ക് പുറത്തുനിന്ന് ഈ കോഴ്സുകള്‍ പൂര്‍ത്തിയാക്കാം. പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് ഈ മുഴുവന്‍ സമയവും പരിഗണിക്കും.
മേയ്- സെപ്റ്റംബര്‍ കാലയളവില്‍ തുടങ്ങിയതോ തുടങ്ങുന്നതോ ആയ കോഴ്സുകള്‍ക്ക് രെജിസ്റ്റര്‍ ചെയ്യുകയും 2021 ഏപ്രില്‍ 30വരെ ഓണ്‍-ലൈന്‍ പഠനം നടത്തുകയും ചെയ്തവരില്‍ യോഗ്യതയുള്ള ഒന്നിലേറെ കോഴ്സുകള്‍ക്ക് പഠിച്ചവര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ എല്ലാ കോഴ്സുകളുടെയും കാലപരിധി ഉപയോഗിക്കാം. ആകെ പഠനത്തിന്‍റെ 50 ശതമാനം കാനഡയില്‍ പൂര്‍ത്തീകരിക്കണം എന്ന് മാത്രം.
മൂന്ന് വര്‍ഷംവരെ ലഭിക്കാവുന്ന പോസ്റ്റ്‌ ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റാണ് കാനഡയില്‍ വിദ്യാഭ്യാസത്തിന് മറ്റ് രാജ്യങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും വലിയ പ്രലോഭനം. വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത യോഗ്യതകള്‍ ഉറപ്പാക്കിയാല്‍ സ്ഥിരതാമസക്കര്‍ക്കുള്ള വിസയ്ക്ക് അപേക്ഷിക്കാനും കാനഡയിലേക്ക് കുടിയേറാനും കഴിയും.

Leave a Reply