jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡിലെ കാനഡ; കണ്ടതും കേട്ടതും

എന്താണ് കോവിഡ് കാലത്ത് കാനഡയില്‍സംഭവിക്കുന്നത്. എന്തായിരിക്കും ഇവിടേയ്ക്ക് വന്നിട്ടുള്ള വിദ്യാര്‍ഥികള്‍  ഉള്‍പ്പെടെയുള്ള മലയാളികളുടെ അവസ്ഥ. വിദ്യാര്‍ഥികളെല്ലാം പട്ടിണിയിലാണെന്ന് കേരളത്തിലെ ഒരു ചാനല്‍. ആരോഗ്യ-സാമ്പത്തികരംഗങ്ങള്‍ ആകെ താറുമാറായെന്നും ദൈവം മാത്രമേ രക്ഷിക്കാനുള്ളൂ എന്നും ഒരു ഓണ്‍ലൈന്‍ ചാനലില്‍ പ്രമുഖനായ മലയാളിവൈദികന്‍. കണ്ടതിലും കേട്ടതിലും എത്രമാത്രമുണ്ട് യഥാര്‍ത്ഥ്യം.

ചാനലും വൈദികനും പറഞ്ഞതെല്ലാം ശരിയാണോ? എല്ലാം ശരിയല്ല എന്നതാണ് വസ്തുത. അപ്പോള്‍ അവര്‍ പറഞ്ഞതെല്ലാം തെറ്റാണോ? അങ്ങനെയും പറയാന്‍വയ്യ. അസത്യങ്ങളുണ്ട്, അര്‍ദ്ധസത്യങ്ങളുണ്ട്. അവര്‍ പറയാതെപോയ കാര്യങ്ങളുമുണ്ട്.

ആദ്യം ചാനലും വൈദികനും പറഞ്ഞ കാര്യങ്ങള്‍ നോക്കാം. ഇവിടെയുള്ള വിദ്യാര്‍ഥികളെല്ലാം ജോലി നഷ്ടമായി, ഭക്ഷണത്തിന്പോലും മാര്‍ഗമില്ലാതെ നട്ടംതിരിയുകയാണോ? അല്ലേയല്ല. അവശ്യമേഖല ഒഴികെ ‘അടച്ചുപൂട്ടല്‍’ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വിദ്യാര്‍ഥികള്‍മാത്രമല്ല, എഴുപത് ശതമാനത്തോളം വരുന്ന മറ്റുള്ളവര്‍ക്കും ജോലിയില്ല എന്നതാണ് വസ്തുത. അതിന്‍റെയര്‍ത്ഥം അവരെല്ലാം വരുമാനമില്ലാതെ പട്ടിണിയിലാണ് എന്നല്ല.

ഒരുപക്ഷെ, ഈ പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക്‌ ജീവിക്കാന്‍ ഏറ്റവും വലിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ച രാജ്യമാണ് കാനഡ. അതില്‍ അവര്‍ പൌരന്മാരെന്നോ കുടിയേറ്റക്കാരെന്നോ വിദ്യാര്‍ത്ഥികളെന്നോ ഒരു വേര്‍തിരിവും കാണിച്ചിട്ടില്ല. ഒരു മാനദണ്ഡം നിശ്ചയിച്ചു. ഇവിടെയുള്ള ജനങ്ങളില്‍ മഹാഭൂരിപക്ഷവും അതുപ്രകാരം സര്‍ക്കാര്‍സഹായത്തിന് അര്‍ഹരാണ്. ഇത്തരത്തില്‍ അര്‍ഹാരയവര്‍ക്ക് മാസം 2000 ഡോളര്‍വീതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ വന്നിട്ടുള്ള വിദ്യാര്‍ഥികളുടെ സാധാരണ ഗതിയിലുള്ള മാസവരുമാനം ഏകദേശം 1500 ഡോളറോ അതില്‍താഴെയോ ആണ് എന്ന് ഇതിനോടൊപ്പം കൂട്ടിവായിക്കണം. കഴിഞ്ഞ വര്‍ഷം വന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 620 ഡോളര്‍നിക്ഷേപത്തുക തിരിച്ചുകിട്ടുന്നുമുണ്ട്.

എന്നാല്‍, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍സഹായം ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. വളരെ ചെറിയ ഒരു വിഭാഗം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് പുറത്തുണ്ട്. അവര്‍ക്കായി പല മലയാളിസംഘടനകളും സഹായമെത്തിക്കുന്നുണ്ട്. എങ്കിലും ചെറിയ ഒരു എണ്ണം വിദ്യാര്‍ഥികള്‍, കാനഡയിലെ ചെറുനഗരങ്ങളിലുള്ളവര്‍ ചില പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടാകും. അവിടങ്ങളിലും സഹായമെത്തിക്കാന്‍ മലയാളിസംഘടനകള്‍ ശ്രമിക്കുന്നുണ്ട്.

പറഞ്ഞുവന്നത് എന്താണെന്നാല്‍, മക്കളെ കാനഡയിലേക്ക് പഠിക്കാന്‍ അയച്ചിട്ട്, അവര്‍ ഇവിടെ പട്ടിണി കിടക്കുകയാണ് എന്ന പേടി നാട്ടില്‍ ഇരിക്കുന്ന രക്ഷിതാക്കള്‍ക്ക് വേണ്ട. അത്തരം ഒരു സാഹചര്യം ഇവിടെയില്ല. നാളെ ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

ചെറുകിട,ഇടത്തരം, മുന്തിയ വ്യവസായങ്ങള്‍ക്കുമെല്ലാം സര്‍ക്കാര്‍ പല രീതിയിലുള്ള സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ വീട്ടുവാടക,വായ്പകള്‍ തുടങ്ങിയവയെല്ലാം തിരിച്ചടവ് താല്‍ക്കാലികമായി നീട്ടിവെച്ചു.. ഒരുപക്ഷെ,അടച്ചുപൂട്ടല്‍ കാരണം വരുമാനനഷ്ടം സംഭവിച്ചവര്‍ക്ക് ഇത്രയേറെ സാമ്പത്തികസഹായം നല്‍കിയ മറ്റൊരു രാജ്യം ഉണ്ടാകില്ല.

സാമ്പത്തിക പാക്കേജുകളുടെ കാര്യത്തില്‍ നൂറില്‍ തൊണ്ണൂറ്റൊമ്പത്‌ മാര്‍ക്ക് നല്‍കാമെങ്കിലും രോഗവ്യാപനം തടയാന്‍  സ്വീകരിക്കുന്ന നടപടികളുടെ കാര്യത്തില്‍ ഇവിടത്തെ സര്‍ക്കാരും സംവിധാനങ്ങളും പരാജയമാണെന്ന് പറയേണ്ടിവരും. കാനഡയെക്കാള്‍ എത്രയോ പരിമിതികള്‍ ഉള്ള കേരളം കോവിഡിനോട് നടത്തുന്ന പോരാട്ടം പരിഗണിച്ചാല്‍ ഇക്കാര്യത്തില്‍ കാനഡ ഒരു തോല്‍വിയാണ്. അതുകൊണ്ടുതന്നെ വലിയതോതില്‍ രോഗബാധ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്ക ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നു.

വിദേശങ്ങളില്‍നിന്ന് വരുന്നവരെ ഇപ്പോള്‍പോലും വിമാനത്താവളത്തില്‍ സ്ക്രീന്‍ ചെയ്യുന്നില്ല എന്നത് മാത്രം മതി ഇക്കാര്യത്തില്‍കാട്ടുന്ന ഉദാസീനത മനസിലാക്കാന്‍.പെറുവിലെ ലിമയില്‍ നിന്ന് വ്യാഴാഴ്ച തിരികെയെത്തിച്ച 325 യാത്രക്കാരെ പരിശോധനകൂടാതെയാണ് വീടുകളിലേക്ക് പോകാന്‍ അനുവാദം നല്‍കിയത്. രാജ്യത്ത് രോഗവ്യാപനത്തിന് ഇടയാക്കിയ അലംഭാവം ഇപ്പോഴും തുടരുകയാണ്.

രോഗം ബാധിച്ചവരോട് വീടുകളില്‍തന്നെ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശം. അതിനാല്‍ കൂടെ താമസിക്കുന്നവരും രോഗബാധിതരാകാന്‍ ഇടവരുന്നു. രോഗം അങ്ങേയറ്റം വഷളായവരെ മാത്രമാണ് ആശുപത്രിയില്‍ അഡ്മിറ്റ്‌ചെയ്യുന്നത്.

നിരവധി മലയാളികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അവരില്‍പലരും പറയുന്ന അനുഭവങ്ങള്‍ കേട്ടാല്‍ ജീവിക്കുന്നത് കാനഡയിലാണോ എന്ന് തോന്നിപ്പോകും. ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിയവരോടുപോലും രോഗബാധ കണ്ടെത്തിയ ശേഷം വീട്ടിലേക്ക് പോകാനായിരുന്നു നിര്‍ദേശം. രോഗികളായ പലരും ബസിലും ടാക്സിയിലും സുഹൃത്തുക്കളുടെ കാറിലുമൊക്കെയാണ് വീടുകളിലേക്ക് മടങ്ങിയത്. ഒറ്റമുറി വീട്ടില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്ന ആളോട്‌പോലും അവിടെത്തന്നെ ക്വാറന്റൈനില്‍ കഴിയാനായിരുന്നു നിര്‍ദേശം. രോഗബാധിതരായവര്‍ക്ക് അസുഖലക്ഷണങ്ങള്‍ കുറഞ്ഞാല്‍യഥേഷ്ടം പുറത്തിറങ്ങിനടക്കാം എന്നതും കാനഡയിലെ ‘പ്രതിരോധപ്രവര്‍ത്തനം’

അധികൃതരുടെ ഈ ഉദാസീനത ഉയര്‍ത്തുന്ന ബുദ്ധിമുട്ടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രോഗബാധിതര്‍ ആയവരില്‍ നല്ലൊരു പങ്ക് ആരോഗ്യപ്രവര്‍ത്തകരാണ്. എന്നാല്‍, അമേരിക്കയെയും മറ്റുംപോലെ നാഥനില്ലാക്കളരി ആയിട്ടില്ല ഇതുവരെ.

1470 ആണ് ഇപ്പോള്‍ കാനഡയിലെ കോവിഡ് മരണസംഖ്യ. മലയാളികള്‍ ആരും ഇതുവരെ മരണപ്പെട്ടിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഗുരുതരാവസ്ഥയില്‍ ഏതെങ്കിലും മലയാളികള്‍ ഉള്ളതായും അറിവില്ല.

Leave a Reply