തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദ്വിദിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തി.ആര് ശങ്കര്‍ പ്രതിമാ അനാവരണം ചെയ്യല്‍ ,ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനം തുടങ്ങിയ ഔദ്യോഗിക പരിപാടികളുണ്ടെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിലെയും ഐക്യ ജനാധിപത്യ മുന്നണിയിലെയും പോര് അവസാനിപ്പിക്കുന്നതിനുള്ള അവസാന വട്ട ശ്രമം തന്നെയായിരുന്നു യു.പി.എ. അധ്യക്ഷയുടെ പ്രധാന അജണ്ട. രാജ്ഭവനില്‍ താമസിക്കുന്ന സോണിയ ഗവര്‍ണറുടെ വിരുന്നു സല്‍ക്കാരത്തിലും പങ്കെടുത്തു.
ഇതിനിടെ ഐക്യമുന്നണിയും സര്‍ക്കാരും എകോപനത്തിലെത്താന് കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്ന് ഘടകകക്ഷികള്‍ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു. ഘടകകക്ഷികളുമായുള്ള പ്രശ്നങ്ങളേക്കാളുപരി കോണ്‍ഗ്രസിലെ തമ്മില്‍ തല്ലാണ് മുന്നണിയെയും ഭരണത്തെയും പ്രതിസന്ധിയിലേക്ക് നയിക്കുന്നതെന്നും കക്ഷിനേതാക്കള്‍ ചൂണ്ടിക്കാണിച്ചു.കോണ്‍ഗ്രസില്‍ കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടുതട്ടില്‍ നീങ്ങുന്നത് അവസാനിപ്പിക്കണം എന്ന ശക്തമായ ആവശ്യം ഉന്നയിക്കപ്പെട്ടു.
സോണിയാഗാന്ധിയെ കാണുന്നതിന് മുമ്പ് കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാരസമിതിയോഗം ചേര്‍ന്ന് പറയേണ്ട കാര്യങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ചര്‍ച്ച നടത്തി ധാരണയായശേഷമാണ് സോണിയയെ സന്ദര്‍ശിച്ചത്. കേരളാ കോണ്‍ഗ്രസില്‍ നിന്ന് പി.ജെ. ജോസഫ്, സി.എഫ്.തോമസ്, പി.സി. ജോര്‍ജ്, ജോയ് ഏബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരും മാണിയോടൊപ്പം സോണിയയെ കണ്ടു. ലീഗില്‍ നിന്ന് ഇ.അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് എന്നിവരാണ് സന്ദര്‍ശിച്ചത്.
സോളാര്‍ സംഭവം സര്‍ക്കാരിന് കളങ്കമായി എന്ന് ജെ.എസ്.എസ്. നല്കിയ കത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ ചില നടപടികള്‍ ഭൂരിപക്ഷ സമുദായങ്ങളില്‍ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ടെന്ന് ജെ.എസ്.എസ്. കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫിലെ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ബാലകൃഷ്ണപിള്ള,വര്‍ഗ്ഗീസ് ജോര്‍ജ്, ഷിബു ബേബി ജോണ്‍, ജോണി നെല്ലൂര്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, കെ.ആര്. അരവിന്ദാക്ഷന്, എ.എന്‍. രാജന് ബാബു, അഡ്വ. സത്ജിത് എന്നിവര്‍ സോണിയയെ കണ്ടു. ഓരോ കക്ഷിനേതാക്കളും പ്രത്യേകമായാണ് സോണിയയെ കണ്ടത്.
INDIA NEWS TVM