jio 800x100
jio 800x100
728-pixel-x-90
<< >>

കൊവിഡ് ചൂടില്‍ നിന്നും കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്,ഫലപ്രഖ്യാപനത്തിന് ഇനി അഞ്ചു നാളുകള്‍!

കൊച്ചി:കൊവിഡ് വ്യാപനത്തിന്റെ  തീക്ഷ്ണതയില്‍ നിന്നും കേരളം പതിയെ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തുകയാണ്. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പിലേക്ക് കടന്ന തമിഴ്നാടും ആസാമും ഫലപ്രഖ്യാപനത്തിനു കാതോര്‍ക്കുകയാണ്.അതേസമയം പശ്ചിമ ബംഗാളില്‍ വരുന്ന ഏപ്രില്‍ 29നാണ് അവസാനഘട്ട വോട്ടെടുപ്പ്.എല്ലാ സംസ്ഥാനങ്ങളിലും മേയ് രണ്ടിന് തന്നെയാണ് ഫല പ്രഖ്യാപനം.

ആത്മവിശ്വാസത്തോടെ കൊവിഡ് പ്രതിരോധത്തിനു ഇപ്പോഴും ചുക്കാന്‍ പിടിക്കുന്ന പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതു പക്ഷം തന്നെ അധികാരത്തില്‍ തുടരാനാണ് കേരളത്തില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എണ്‍പതിലധികം സീറ്റുകള്‍ നേടും എന്നാണു എല്‍ ഡി എഫ്   കണക്ക് കൂട്ടുന്നത്.അതെ സമയം ഉറപ്പായും കേവലം ഭൂരിപക്ഷം നേടും എന്ന് യു ഡിഎഫും പ്രതീക്ഷ പുലര്‍ത്തുന്നു. അര ഡസന്‍ സീറ്റുകളെങ്കിലും നേടിയില്ലെങ്കില്‍ എന്‍ ഡി എയുടെ അവകാശവാദങ്ങള്‍ പൊളിയും.ഏതായാലും ഇരുപതോളം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുവാനോ  നിര്‍ണ്ണായക വോട്ടുകള്‍ നേടുവാനോ സാധ്യതയുള്ള എന്‍ ഡി എ മുന്നണി ഇരു മുന്നണികളുടെയും ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.

പല സിറ്റിംഗ് എം എല്‍ എ മാരും ഇക്കുറി അട്ടിമറി നേരിട്ടേക്കും എന്നാണു സൂചനകള്‍.ഇതില്‍ യു ഡി എഫിന്‍റെ ചില വന്‍ മരങ്ങളും കടപുഴകിയേക്കാം.ഇടതു പക്ഷത്തിനു കൊല്ലം തിരുവനന്തപുരം മേഖലകളില്‍ കഴിഞ്ഞ തവണ നേടിയ വന്‍ മേല്‍ക്കൈ ഇക്കുറി കുറഞ്ഞേക്കാം.കുറഞ്ഞപക്ഷം രണ്ട് മുതല്‍ മൂന്നു സീറ്റുകള്‍ വരെ ഈ മേഖലയില്‍ എല്‍ ഡി എഫിന് നഷ്ടമാകും.മലബാര്‍ മേഖലയിലും കഴിഞ്ഞ തവണ വിജയിച്ച ചില സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാം,പകരം പുതുതായി രണ്ടു സീറ്റുകള്‍ ലഭിക്കാനും സാധ്യതയുണ്ട്.അതെ സമയം കോട്ടയം ഇടുക്കി മേഖലയില്‍ എല്‍ ഡി എഫിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കും.തൃശൂര്‍ ഏറണാകുളം പാലക്കാട് മേഖലയില്‍ യു ഡി എഫിന് കൂടുതല്‍ നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്.അതെ സമയം കളമശ്ശേരി തുടങ്ങിയ സീറ്റുകള്‍ എല്‍ ഡി എഫിന് നേടാനുമാകും.ഏറ്റവുമധികം സീറ്റ് ചോര്‍ച്ച ഉണ്ടാകുന്ന കക്ഷിയായി സി പി ഐ മാറും എന്നാണ് വിലയിരുത്തല്‍.

സി പി എം കഴിഞ്ഞ തവണ നേടിയ 58 സീറ്റുകള്‍ ഏറെക്കുറെ നിലനിര്‍ത്താനാണ് സാധ്യത.ചിലത് നഷ്ടപ്പെട്ടാലും പുതിയ  സീറ്റുകള്‍ സി പി എം നേടിയേക്കും.കഴിഞ്ഞ തവണ സി പി ഐ നേടിയ 19 സീറ്റുകള്‍ 14 ആയി  കുറയാന്‍ സാധ്യതയുണ്ട്.എന്തായാലും സി പി എമ്മും  സി പി ഐയും  ചേര്‍ന്ന്  കേവല ഭൂരിപക്ഷമായ 71 സീറ്റുകള്‍ നേടാനുള്ള സാധ്യത ഏറെയാണ്.ഒരു തരംഗ സാധ്യതയും തള്ളിക്കളയാനാവില്ല.ഇരു   മുന്നണികളും അത് പ്രതീക്ഷിക്കുന്നുണ്ട്. ഇടതു    തരംഗമുണ്ടായാല്‍ സി പി എം ഒറ്റക്ക് കേവല ഭൂരിപക്ഷവും ഇടത് മുന്നണി നൂറിലേറെ സീറ്റുകളും നേടിയേക്കും.മറിച്ചു യു   ഡി  എഫ് തരംഗമാണ് ഉണ്ടാകുന്നതെങ്കില്‍ ഐക്യ മുന്നണി 90 സീറ്റുകള്‍ വരെ നേടാം.

യു ഡി എഫില്‍ കഴിഞ്ഞ തവണത്തെ 21 സീറ്റുകള്‍ എന്ന ദയനീയ അവസ്ഥയില്‍നിന്നും നേരിയ മെച്ചപ്പെടല്‍ കോണ്‍ഗ്രസിനുണ്ടാകും  എന്ന് വിലയിരുത്തപ്പെടുന്നു.അതേസമയം മുസ്ലീം ലീഗിന് ഇക്കുറി തിരിച്ചടി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌.മൂന്നു സിറ്റിംഗ് സീറ്റുകള്‍ എങ്കിലും ലീഗിന് നഷ്ടപ്പെട്ടേക്കും എന്നാണു സൂചന.കോണ്‍ഗ്രസിന്‍റെ  മൂന്നു സിറ്റിംഗ് സീറ്റുകളിലും ലീഗിന്റെ ഒരു സീറ്റിലും എന്‍ ഡി എ ക്യാമ്പ് സമ്പൂര്‍ണ്ണ പ്രതീക്ഷ വച്ചു  പുലര്‍ത്തുന്നു എന്നതും ഇത്തരുണത്തില്‍ കൂട്ടി വായിക്കേണ്ടതാണ്.അതെ പോലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനും ഇക്കുറി സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാം.പി സി ജോര്‍ജ്ജിന്റെയും അനൂപ്‌  ജേക്കബിന്റെയും കെ ബി ഗണേഷ്കുമാറിന്റെയും നില ഒട്ടും   ഭദ്രമല്ല.ഒറ്റ എം എല്‍ എ പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പോടെ നിഷ്കാസനം ചെയ്യപ്പെട്ടേക്കാം.

INDIANEWS24 POLITICAL DESK

Leave a Reply