jio 800x100
jio 800x100
728-pixel-x-90
<< >>

കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഫെബ്രുവരി മൂന്നിന് ശേഷം ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം ഇതിനാല്‍ പിന്‍വലിക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള കര്‍ശനമായ ജാഗ്രതയും നിരീക്ഷണവും തുടരുകയും എല്ലാ പ്രോട്ടോക്കോളുകള്‍ തുടര്‍ന്നും നിലവിലുണ്ടായിരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് സംസ്ഥാന ദുരന്ത പ്രഖ്യാപനം പ്രിന്‍വലിച്ചത്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ 67 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.മാത്രമല്ല രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. രോഗിയുമായി പ്രാഥമിക തലത്തില്‍ സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാ വ്യക്തികളും കര്‍ശനമായ നിരീക്ഷണത്തിലാണ്. ദ്വിതീയ തലത്തില്‍ സമ്പര്‍ക്കമുണ്ടായിരുന്ന ആര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം സംസ്ഥാനം സന്ദര്‍ശിച്ചു ഒരുക്കങ്ങളില്‍ തൃപ്തി അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3014 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2953 പേര്‍ വീടുകളിലും, 61 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 285 സാമ്പിളുകള്‍ എന്‍. ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 261 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.

സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചെങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രത തുടരുന്നതാണ്. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരെ 28 ദിവസവും നിരീക്ഷിക്കുന്നതായിരിക്കും.വീടുകളില്‍ കഴിയുന്നവരും ശ്രദ്ധിക്കണം.

3 പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടും കരുതലോടെ മുന്നേറാന്‍ കഴിഞ്ഞതില്‍ ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും ആശ്വാസമാണ്.എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. വലിയ പിന്തുണയാണ് മുഖ്യമന്ത്രി നല്‍കിയത്.അഹോരാത്രം ജോലിചെയ്ത ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും മറ്റ് വകുപ്പുകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും മന്ത്രി അറിയിച്ചു എല്ലാവരും ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിച്ചതിനും നിരീക്ഷണത്തില്‍ കഴിഞ്ഞതിനും സംതൃപ്തിയുണ്ട്.

INDIANEWS24 HEALTH DESK

Leave a Reply