jio 800x100
jio 800x100
728-pixel-x-90
<< >>

കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു;ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നോവല്‍ കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൂടിയ സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അപക്‌സ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്.കൂടാതെ കൊറോണ വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2239 പേര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ 2155 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 140 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതില്‍ 46 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണാ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.മൂന്ന് കൊറോണ വൈറസ് കേസുകളാണ് പോസിറ്റീവായിട്ടുള്ളത്.നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യ നിലയില്‍ ആശങ്കയ്ക്ക് വകയില്ല. അവരെല്ലാം നല്ല നിരീക്ഷണത്തിലാണ്. ഇവര്‍ക്കെല്ലാം മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതാണ്. മൂന്നാമത്തെ കേസ് കൂടി പോസിറ്റീവായതോടെ കരുതിയിരിക്കണം.

കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്.എന്നാല്‍ അപൂര്‍വം ചിലര്‍ ഒളിച്ച് നടക്കുകയാണ്. ഇത് അത്യന്തം ആപത്താണ്.തീരെ അനുസരിക്കാതെ വരുമ്പോള്‍ ഇത് കുറ്റകരമായി കണക്കാക്കേണ്ടതായി വരും. ഒരു മാസത്തെ വീട്ട് നിരീക്ഷണമാണ് പറയുന്നത്.സ്വന്തം ജീവനും നാടിന്റെ ജീവനും വിലപ്പെട്ടതാണ്.വുഹാനില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിന് പോയത് കേരളത്തില്‍ നിന്നാണ്. അതിനാലാണ് കേരളം ഇത്ര ജാഗ്രത പുലര്‍ത്തുന്നത്. ഇത് മറ്റുള്ളവരിലേക്ക് പകര്‍ന്നാല്‍ ഇത്രയും ജനസാന്ദ്രമായ സ്ഥലത്ത് വലിയ ആപത്താണ്. കൊറോണ വൈറസ് പ്രതിരോധം സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.കണക്കുകള്‍ ശേഖരിക്കുക പ്രയാസമായിരുന്നു. അതിനാല്‍ വിപുലമായ പരിശ്രമത്തിലൂടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. തൃശൂര്‍,ആലപ്പുഴ,കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ബാക്കി 11 ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതാണ്.വ്യാജ പ്രചരണത്തിനെതിരെ കര്‍ശന നടപടിയെടുക്കുന്നതാണ്.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.പൊതു ജനങ്ങള്‍ക്ക് സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ സജ്ജമാണ്.ഇവരുടെ മാനസികാരോഗ്യം ആരോഗ്യ വകുപ്പിന്റെ കൗണ്‍സിലര്‍മാര്‍ വഴി ഉറപ്പ് വരുത്തുന്നതാണ്.

സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും,എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് രോഗബാധ സംശയിക്കുന്നവരുടെ തുടര്‍ ചികില്‍സയ്ക്കായി സജ്ജമാക്കിയിട്ടുളള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആലപ്പുഴ എന്‍.ഐ.വി. യുണിറ്റില്‍ സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇനിയുള്ള ദിവസങ്ങള്‍ എല്ലാവരും ശ്രദ്ധയോടെയിരിക്കണം.കൊറോണ വൈറസ് ബാധിച്ച് ആരും മരിച്ച് പോകാതിരിക്കാനുള്ള വലിയ പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. കേരളം ഈ പ്രതിരോധത്തിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വലിയ മാതൃകയാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍.ഖോബ്രഗഡെ, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ.നവജ്യോത് ഖോസ,ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.വി.മീനാക്ഷി, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗം മേധാവി ഡോ.പി.എസ്.ഇന്ദു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
INDIANEWS24 HEALTH DESK

Leave a Reply