കൊച്ചി: നഗരത്തിന്റെ ഹൃദയഭാഗത്തേക്കുള്ള കൊച്ചി മെട്രോയുടെ സര്‍വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചേര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനോടു ചേര്‍ന്നുള്ള മെട്രോ സ്റ്റേഷനില്‍ സര്‍വീസിന് ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പുതുതായി സര്‍വീസ് നടത്തുന്ന മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള സ്റ്റേഷനിലേക്ക് ഉദ്ഘാടകര്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും.
മെട്രോയിലെ യാത്രയ്ക്ക് ശേഷം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ ദീര്ഘിപ്പിച്ച സര്‍വീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക.കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള ജനപ്രതിനിധികളും പങ്കെടുക്കും.
പാലാരിവട്ടം മുതല്‍ എറണാകുളം മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള യാത്രയ്ക്ക് 20 രൂപയാണ് ചാര്‍ജ്. ആലുവ മുതല്‍ മഹാരാജാസ് വരെയുളള മൊത്തം ചാര്‍ജ് 50 രൂപയാകും. ഇതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററായി മാറും.
മെട്രോ യാത്രയുടെ ഭാഗമായി കൂടുതല്‍ ഫീഡര്‍ സര്‍വീസുകളും സ്ഥിരം യാത്രക്കാര്‍ക്കായി പ്രത്യേക ഫെയര്‍പാക്കേജുകളും കെഎംആര്‍എല്‍ ഏര്‍പ്പെടുത്തും. കൊച്ചിയുടെ നഗരമധ്യത്തിലേക്ക് ആദ്യ ദിവസം മെട്രോ കയറി എത്തുന്നവര്‍ക്ക് കാരിക്കേച്ചര്‍ സമ്മാനമായി ലഭിക്കും. ലിംക ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച കാരിക്കേച്ചറിസ്റ്റ് ബി.സജ്ജീവിന്റെ നേതൃത്വത്തില്‍ 10 പേരാണ് കന്നിയാത്രക്ക് എത്തുന്നവരുടെ ചിത്രങ്ങള്‍ വരയ്ക്കുക.
INDIANEWS24.COM Kochi