കൊച്ചി: വ്യാഴാഴ്ച കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഒന്നാം ഏകദിനം മഴയുടെ ഭീക്ഷണിയില്‍. സച്ചിന് ടെന്‍ഡുല്‍ക്കറുടെ വിരമിക്കല്‍ ടെസ്റ്റിനുശേഷം ഇന്ത്യ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ കൊച്ചിയിലെത്തിക്കഴിഞ്ഞു.
ഇരുടീമുകളും ബുധനാഴ്ച സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. സച്ചിന്റെ പേരില്‍ നാമകരണം ചെയ്ത പവലിയന് ഇന്ത്യന്‍ ക്യാപ്ടന് മഹേന്ദ്ര സിങ് ധോണി ഉദ്ഘാടനംചെയതു.
തിങ്കളാഴ്ച രാത്രി കൊച്ചിയില്‍ കനത്ത മഴപെയ്തിരുന്നു. മൈതാനം ഉണക്കാനുള്ള ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല. ഇപ്പോഴും ആകാശം മേഘാവൃതമാണ്. വീണ്ടും മഴ പെയ്താല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. 2010ല്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരം ഉപേക്ഷിച്ചിരുന്നു.
ഒരു പന്തുപോലും എറിയാതെ കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ടിക്കറ്റിന്റെ പണം മടക്കിനല്‍കും. ഫെഡറല്‍ ബാങ്ക് ശാഖകളില്‍നിന്ന് 15 ദിവസത്തിനകം പണം തിരിച്ചുകിട്ടുമെന്ന് കെസിഎ പ്രസിഡന്റ് ടി സി മാത്യു പറഞ്ഞു. ടിക്കറ്റുകള്‍ മിക്കവാറും വിറ്റുകഴിഞ്ഞു. കളിദിവസം സ്റ്റേഡിയത്തിനു പുറത്ത് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കില്ലെന്നും മാത്യു അറിയിച്ചു. ഒമ്പതാം ഏകദിനത്തിനാണ് കലൂര്‍ സ്റ്റേഡിയം വേദിയാകുന്നത്.