jio 800x100
jio 800x100
728-pixel-x-90
<< >>

കൊച്ചിയെ ടൂറിസം തലപ്പത്തേക്ക് ഉയര്‍ത്തുന്ന അഞ്ച് പ്രധാന കാരണങ്ങള്‍

സെക്കന്‍ഡുകള്‍ കൊണ്ട് വളര്‍ച്ച കൈവരിക്കുന്ന നഗരമാണ് കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി.  സമീപഭാവിയില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഞ്ചാമത്തെ മെട്രോപൊളിറ്റന്‍ സിറ്റിയായി കൊച്ചി മാറും.ടൂറിസം തലപത്തേക്ക് കൂടി ഈ നഗരത്തെ എടുത്തുയര്‍ത്തുന്ന ചില വസ്തുതകള്‍ കൂടിയുണ്ട്. ബസിനസ്സും വ്യവസായവും തഴച്ചു വളരുന്ന കൊച്ചിയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ചില പ്രധാനഘടകങ്ങള്‍ ഇതാണ്.

1. ഇന്ത്യയിലെ നാലാമത്തെ വലിയ വിമാനത്താവളം

നെടുമ്പാശേരിയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ നാലാമത്തെ വലിയ വിമാനത്താവളമായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റിയില്‍വേ കണക്ടിവിറ്റിയോടു കൂടിയതാണ്. വിദേശത്ത്‌ നിന്നെത്തുന്നവര്‍ക്ക് ഇന്ത്യയിലെ ഏത് ഭാഗത്തേക്കും പോകാന്‍ ഇത് സൗകര്യപ്പെടുന്നു.

2. തുടര്‍ച്ചയായ ബസ് സര്‍വ്വീസ്

കൊച്ചിയില്‍ നിന്നും സമീപ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസുകളെ ആശ്രയിക്കാവുന്നതാണ്. മഹാരാഷ്ട്രയിലേക്ക് വരെ കൊച്ചിയില്‍ നിന്നും ബസ് ലഭിക്കും.

3. കപ്പലുകളെ സ്വീകരിക്കുന്ന കൊച്ചിന്‍പോര്‍ട്ട്

ഇന്ത്യയിലെ തന്നെ പ്രധാന തുറമുഖങ്ങളിലൊന്നായ കൊച്ചിന്‍ പോര്‍ട്ടില്‍ ടൂറിസം സീസണില്‍ നിരവധി യാത്രാ കപ്പലുകളാണ് വന്നടുക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആഡംബരകപ്പലായ ബ്രിട്ടന്റെ ക്യൂന്‍ മേരി 2 കൊച്ചി തീരം പല തവണ തൊട്ടുപോയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ക്യൂന്‍മേരി 2 വന്നുപോയത് 2013 ഫെബ്രുവരിയിലാണ്.

4. ഒരു ദിവസത്തില്‍ കണ്ടുതീരാനാവാത്ത കൊച്ചി

കാഴ്ച്ചകള്‍ക്ക് അവസാനമില്ലാത്ത നഗരമാണ് കൊച്ചിയും പരിസര പ്രദേശങ്ങളും. നഗരത്തിന്റെ തിരക്കുകള്‍ക്കപ്പുറം നഗരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാമങ്ങള്‍, ചരിത്ര ശേഷിപ്പുകള്‍, വിവിധ മതങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍ചേര്‍ന്ന കൊച്ചിയിലെ കാഴ്ച്ചകള്‍ ഓട്ടപ്രദക്ഷിണമായി കാണണമെങ്കില്‍ പോലും ഒരു ദിവസം തികയാതെ വരും. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, ഹില്‍പ്പാലസ് തുടങ്ങിയ ചരിത്ര ശേഷിപ്പുകള്‍, കടമക്കുടി, കുമ്പളങ്ങി എന്നീ ഗ്രാമീണ ടൂറിസം മേഖലകള്‍, തീര്‍ത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര, വല്ലാര്‍പാടം പള്ളി, എറണാകുളം ശിവക്ഷേത്രം തുടങ്ങിയവ കൂടാതെ വൈക്കം മഹാദേവ ക്ഷേത്രം, മലയാറ്റൂര്‍ മല, ചേരമാന്‍ ജുമാമസ്ജിദ് എന്നിവയെല്ലാം കൊച്ചിയില്‍ നിന്നും അമ്പത് കിലോമീറ്ററില്‍ താഴെയാണുള്ളത്. ഇതെല്ലാറ്റിനും ഉപരിയായി നഗരത്തിന്റെ വളര്‍ച്ച അറിയിച്ചുകൊണ്ടിരിക്കുന്ന മെട്രോ റെയില്‍, കായലിനോട് ചേര്‍ന്ന മറൈന്‍ ഡ്രൈവിലെ നടപ്പാതയും ചീനവല, മഴവില്‍, കെട്ടുവള്ളം പാലങ്ങള്‍, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ്‌ മാളായ ലുലുമാള്‍. ഇനിയും പറഞ്ഞു തീരില്ല കൊച്ചിയിലെ കാഴ്ച്ചാ വിശേഷങ്ങള്‍.

5. മൂന്ന് മണിക്കൂറില്‍ പ്രമുഖ ടൂറിസം സ്‌പോട്ടിലേക്കെത്താം

കൊച്ചിയുടെ മറ്റൊരു സവിശേഷതയാണ് കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മൂന്നാര്‍, കുമരകം, കുട്ടനാട്, സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം മൂന്ന് മണിക്കൂറിനകം റോഡ് മാര്‍ഗ്ഗം എത്താനാകുമെന്നത്.

INDIANEWS24.COM Travel Desk

Leave a Reply