728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചിയില്‍ കരീബിയന്‍ കാറ്റ്

കൊച്ചി: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനപരമ്പരയില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം. കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ 124 റണ്ണിനാണ് വിന്‍ഡീസ് ഇന്ത്യയെ തകര്‍ത്തത്. കൊച്ചിയില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ തോല്‍വിയാണിത്.

മര്‍ലോണ്‍സാമുവല്‍സിന്‍റെ അപരാജിതസെഞ്ച്വറിയുടെ കരുത്തില്‍ സന്ദര്‍ശകര്‍ ഉയര്‍ത്തിയ 322 റണ്ണിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് എത്തിനോക്കാന്‍ പോലും കഴിയാതെ ഇന്ത്യ 41 ഓവറില്‍ 197ലെത്തി ബാറ്റ് താഴ്ത്തി. സ്കോര്‍: വെസ്റ്റിന്‍ഡീസ് 6-321 , ഇന്ത്യ 10-197 [41 ഓവര്‍].

68 റണ്‍ നേടിയ ശിഖര്‍ ധവാനും 33 റണ്ണോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജദേജയും മാത്രമാണ് ഇന്ത്യന്‍ പക്ഷത്ത് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി [8] ഉള്‍പ്പെടെ ആറു പേര്‍ ഇരട്ടയക്കം കാണാതെ പവലിയനില്‍ തിരിച്ചെത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ സാമുവല്‍സ് [116 പന്തില്‍ പുറത്താകാതെ 126] മുന്നൂറിനു മുകളിലേക്ക് ഉയര്‍ത്തി. 11 ബൌണ്ടറിയും നാലു സിക്സും പറത്തിയായിരുന്നു സാമുവല്‍സിന്‍റെ റണ്‍വേട്ട. കൊച്ചി സ്റ്റേഡിയത്തിലെ ഉയര്‍ന്ന വ്യക്തിഗതസ്കോറിന്‍റെ റെക്കോഡ് ഇതോടെ സാമുവല്‍സിന്‍റെ പേരിലായി. ദിനേശ് രാംദിന്‍ [59 പന്തില്‍ 61], ഡ്വയിന്‍ സ്മിത്ത് [45 പന്തില്‍ 46] എന്നിവര്‍ പിന്തുണ നല്‍കി. മുഹമ്മദ് ഷമി 9 ഓവറില്‍ 66 റണ്‍ വഴങ്ങി ൪ വിക്കറ്റ് വീഴ്ത്തി.

കൊച്ചിയില്‍ ഇതുവരെ നടന്ന 10 ഏകദിനങ്ങളില്‍ ഇന്ത്യയുടെ മൂന്നാമത്തെ തോല്‍വിയാണിത്. ഈ സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്കോറിന്‍റെ റെക്കോഡ് ഇന്ത്യയില്‍ നിന്ന് വെസ്റ്റിന്‍ഡീസ് ഏറ്റെടുക്കുകയും ചെയ്തു. 1998ല്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 309 ആയിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍.

Leave a Reply