സ്കോര്‍ – വെസ്റ്റിന്‍ഡീസ് 48.5 ഓവറില്‍ 211ന് പുറത്ത്, ഇന്ത്യ 35.2 ഓവറില്‍ നാലിന് 212
കൊച്ചി: സ്പിന്നര്‍മാരും ബാറ്റ്സ്മാരും കൊച്ചിയില്‍ ജയമൊരുക്കി.ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ ആറു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 212 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മ(81 പന്തില്‍ 72, എട്ടു ബൗണ്ടറി, ഒരു സിക്സര്‍), വിരാട് കോലി(84 പന്തില്‍ 86, ഒമ്പത് ബൗണ്ടറി, രണ്ടു സിക്സര്‍) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയം സ്വന്തമാക്കിയത്. 35.2 ഓവറിലാണ് ഇന്ത്യ വിജയതീരത്ത് എത്തിയത്. കോലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 133 റണ്‍സ് ഇന്ത്യന്‍ ജയത്തിന് കരുത്തായി.കോഹിലിക്കും രോഹിതിനും പുറമെ ശിഖാര്‍ ധവാന്(അഞ്ച്), സുരേഷ് റെയ്ന(പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക നഷ്ടമായത്. ഇന്ത്യ ജയിക്കുമ്പോള്‍ യുവരാജും(16) ധോണിയുമായിരുന്നു(13) ക്രീസില്‍. നേരത്തെ മൂന്നു വിക്കറ്റ് വീതമെടുത്ത ജഡേജയും റെയ്നയും നടത്തിയ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ ഏറെ നിര്‍ണായകമായി.
ടോസ് നേടി ബാറ്റുചെയ്ത വെസ്റ്റിന്‍ഡീസ് 48.5 ഓവറില്‍ 211 റണ്‍സിന് പുറത്താകുകയായിരുന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന എന്നിവരാണ് വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് നിരയെ തളച്ചത്. രണ്ടു വിക്കറ്റെടുത്ത അശ്വിനും ഒരു വിക്കറ്റെടുത്ത ഷമിയും ബൗളിംഗില്‍ തിളങ്ങി. 59 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയാണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. 77 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സറും ഉള്‍പ്പടെയാണ് ബ്രാവോ 59 റണ്‍സ് നേടിയത്. ജോണ്സന് ചാള്‍സ്(42), ലെന്‍ഡില്‍ സിമ്മണ്‍സ്(29) എന്നിവരും മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ലോംഗ് ഇന്നിംഗ്സ് കളിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
ബാറ്റിംഗിന് അനുകൂലമെന്ന് വിലയിരുത്തിയ പിച്ചില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസിന് ക്രിസ് ഗെയിലിനെ(0) ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ നഷ്ടമായി. ഭുവനേശ്വര്‍ കുമാര്‍ ഗെയിലിനെ റണ്ണൗട്ടാക്കുകയായിരുന്നു. റണ്‍സിനായി ഓടുന്നതിനിടെ വീണ് പരിക്കേറ്റ ഗെയിലിന് പരമ്പരയിലെ ബാക്കി മല്‍സരങ്ങളില്‍ കളിക്കാനാകില്ല. ഡോക്ടര്‍മാര്‍ നാലാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ച ഗെയില്‍ നാട്ടിലേക്ക് മടങ്ങും. ജോണ്സണ് ചാള്‍സ്(42), മര്‍ലോണ്‍ സാമുവല്‍സ്(24), ലിന്‍ഡന്‍ സിമണ്‍സ്(29) എന്നിവരുടെ വിക്കറ്റുകളും കൃത്യമായ ഇടവേളകളില്‍ നഷ്ടമായതോടെ വന്‍ സ്കോര്‍ നേടുകയെന്ന സ്വപ്നം വിന്‍ഡീസിന് അന്യമായി.
പരമ്പരയിലെ രണ്ടാമത്തെ മല്‍സരം നവംബര്‍ 24ന് വിശാഖപട്ടണത്ത് നടക്കും.