നൂറിലേറെ ദിവസങ്ങള്‍ നീണ്ട കോവിഡ് കാലത്തെ ദൃശ്യ വരൾച്ചക്ക് വിരാമമിട്ട് മലയാളത്തിലെ പ്രഥമ ഒ.ടി.ടി (ഓവർ ദി ടോപ്പ് ) പ്ലാറ്റ്ഫോം സിനിമയായ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസായി.വലിയൊരു സിനിമാ വിപ്ലവമാണ് കോവിഡ് പശ്ചാത്തലത്തില്‍ നിശബ്ദമായി അരങ്ങേറിയത്.ഇനി പ്രേക്ഷകനെ തേടി ഒ റ്റി റ്റി ചിത്രങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.വിതരണക്കാര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പ്രതിസന്ധി സമ്മാനിക്കുന്ന ഈ ദൃശ്യ വിപ്ലവം സിനിമാ വ്യവസായത്തിനു ഒരു കൈത്താങ്ങായി മാറിയേക്കും.തിയേറ്റര്‍ അനുഭവം ആവശ്യപ്പെടുന്ന മികച്ച ചിത്രങ്ങള്‍ പില്ക്കാലത്ത് പ്രദര്‍ശന ശാലകളിലേക്ക് എത്തിയേക്കാമെങ്കിലും കുഞ്ഞാലി മരയ്ക്കാര്‍ പോലുള്ള വന്‍ ബഡ്ജറ്റ് ചിത്രങ്ങള്‍ക്ക് മാത്രമായി തിയേറ്ററുകളും വിതരണക്കാരും കാത്തിരിക്കേണ്ടി വരും.
സിനിമയുടെ നിര്‍മ്മാണ ചെലവ് കുറയാനും പുതിയ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും രംഗത്തെത്താനും ഒ റ്റി റ്റി വിപ്ലവം സഹായകരമാകും.സിനിമ വ്യവസായത്തിനു മഹാമാരികളുടെ കാലത്ത് ഒരു പിടിവള്ളിയായി മാറുമെങ്കിലും സിനിമയെന്ന വിനോദ വ്യവസായത്തില്‍ വിജയികള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലം ഇനി ഒരു മരീചികയായി മാറും.ഒ റ്റി റ്റി യില്‍ നിന്നും ടെലിവിഷനിലേക്കും താമസം വിനാ ചിത്രങ്ങള്‍ എത്തുമെങ്കിലും ടെലിവിഷന്‍ സീരിയലുകള്‍ക്ക് ഇതു തിരിച്ചടി നല്‍കിയേക്കും.മുന്‍ നിര താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയുമെല്ലാം പുതിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകുമ്പോള്‍ വലിച്ചു നീട്ടി മടുപ്പിക്കുന്ന സീരിയല്‍ വ്യവസായത്തിനു സ്വാഭാവിക അന്ത്യമുണ്ടാകും എന്ന് കരുതാം.ജിയോ ഫൈബറും വെബ് സിരീസുകളും ഇതിനകം തന്നെ ഒരു നല്ല ശതമാനം പ്രേക്ഷകരെ സീരിയലുകളില്‍ നിന്നും അകറ്റിക്കഴിഞ്ഞിട്ടുണ്ട്.
ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ രംഗത്തും ഒ റ്റി റ്റി വിപ്ലവം മാറ്റങ്ങള്‍ വരുത്തും.കഴിവുള്ള പ്രതിഭകള്‍ക്ക് പുതിയ പ്ലാറ്റ്ഫോം ലഭിക്കുന്നതോടെ സ്വതന്ത്രമായി സിനിമ ചെയ്യാന്‍ സാധിക്കും എന്നത് ഗുണപരമായേക്കാം.
സൂഫിയും സുജാതയും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നതെന്നു നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു.ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സൂഫിസത്തില്‍ ചാലിച്ച ഈ പ്രണയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് നരണിപ്പുഴ ഷാനവാസാണ്.നവാഗതനായ ദേവ് മോഹന്‍,ബോളിവുഡ് താരം അദിതി റാവു ഹൈദിരി എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ചിത്രത്തില്‍ തന്റെ ഹ്രസ്വമെങ്കിലും തന്റെ വേഷം മികവുറ്റ രീതിയില്‍ അവതരിപ്പിച്ച് ജയസൂര്യ ശ്രദ്ധ നേടി.സിദ്ദിഖ് ,മണികണ്ഠന്,സ്വാമി ശൂന്യ,ഹരീഷ് കണാരന്,മാമുക്കോയ,കലാരഞ്ജിനി തുടങ്ങിയവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കി.സൂഫിയും സുജതയുടെ ഒ റ്റിറ്റി റിലീസുമായി ബന്ധപ്പെട്ട ചില ചലച്ചിത്ര സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് വിജയ് ബാബു പറയുന്നു.
INDIANEWS24 MOVIE DESK