jio 800x100
jio 800x100
728-pixel-x-90
<< >>

കേള്‍വി ശക്തിയില്ലാത്തവര്‍ക്കായി ഒമ്പതാം ക്ലാസുകാരന്റെ കണ്ടുപിടിത്തം

ആലപ്പുഴ:കേള്‍വി ശക്തി ഒട്ടുമില്ലാത്തവര്‍ക്കുവേണ്ടി ലോകത്ത് ആദ്യമായി ഒരു ഉപകരണം കണ്ടെത്തിയിരിക്കുന്നു, അതും ഒമ്പതാം ക്ലാസ്സുകാരനായ മലയാളി വിദ്യാര്‍ത്ഥി.ആലപ്പുഴയിലെ കളര്‍കോട് തിരുവമ്പാടി സ്‌കൂളില്‍ പഠിക്കുന്ന കെ ബി ശ്രീഹരി നമ്പൂതിരിയാണ് ഈ അതുല്യ പ്രതിഭ.പ്രണവത്തില്‍ കെ വി ബിജു-മായ എം നമ്പൂതിരി ദമ്പതികളുടെ മകനാണ്.

കേള്‍വിക്കുപകരിക്കുന്ന ശ്രീഹരിയുടെ ഡഫ്മാന്‍സ്‌ഗൈഡ് എന്ന ഉപകരണം ദേശീയതലത്തിലെ ഇന്‍സ്പയര്‍ ശാസ്ത്ര പ്രദര്‍ശന വേദിവരെയെത്തി.സാങ്കേതിക വിദ്യ എങ്ങനെ മനുഷ്യ നന്മയ്ക്ക് സഹായിക്കാം എന്നതായിരുന്നു പ്രദര്‍ശനത്തിന് ശ്രീഹരിക്ക് നേരിടേണ്ടിവന്ന വിഷയം.

അപ്പൂപ്പന്റെ കേള്‍വിക്കുറവിന് എങ്ങനെ പരിഹാരം കാണാം എന്ന ചിന്തകളാണ് ഈ കൊച്ചു മിടുക്കനിലെ പ്രതിഭയെ ഉണര്‍ത്തിയത്.ചിന്തകള്‍ ശ്രീഹരിയെ പൂര്‍ണമായും കേള്‍വിശക്തിയില്ലാത്തവര്‍ക്ക് സഹായകമാകുന്ന ഉപകരണം കണ്ടെത്തുന്നതിലേക്ക് നയിച്ചു.റോഡിലൂടെ നടക്കുമ്പോള്‍ പിന്നില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഹോണടിക്കുമ്പോഴോ ആരെങ്കിലും വിളിച്ചാലോ മറ്റ് ശബ്ദങ്ങള്‍ ഉണ്ടാകുമ്പോഴോ തിരിച്ചറിയിക്കാന്‍ കഴിയുമെന്നതാണ് ഡഫ്മാന്‍സ് ഗൈഡ് എന്ന ഉപകരണത്തിലൂടെ ശ്രീഹരി കണ്ടെത്തിയത്.സ്വരത്തെ സ്പര്‍ശനത്തിലേക്ക് മാറ്റിയെടുക്കുന്ന പ്രക്രിയയാണ് ഉപകരണത്തില്‍ നടക്കുന്നത്.ഇതിനുപയോഗിച്ചിരിക്കുന്നത് ഒരു ചെറിയ ബോക്‌സ് ആണ്.ഇതില്‍ നിന്നും വയര്‍ മുഖാന്തിരം പിന്നിലേക്ക് മൈക്ക് ഘടിപ്പിക്കുന്നു.യന്ത്രത്തിന്റെ പ്ലാന്‍ തയ്യാറാക്കി പ്രദര്‍ശനത്തിന് അപേക്ഷിച്ചു.

ജില്ലാതലത്തില്‍ അംഗീകാരം ലഭിച്ചതോടെ സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ ചിപ്പ് ഉണ്ടാക്കുന്നത് പഠിച്ചു.പിന്നീട് പാര്‍ക്കര്‍ പേനയുടെ ബോക്‌സില്‍ ആവശ്യമായ രീതിയില്‍ ചിപ്പ് രൂപപ്പെടുത്തി ശബ്ദതരംഗങ്ങളെ സ്പര്‍ശന തലത്തിലേക്ക് മാറ്റി.ശബ്ദതീവ്രതയ്ക്ക് അനുസരിച്ച് ബോക്‌സ് വൈബ്രൈറ്റ് ചെയ്യും.ഇതിന്റെ വേഗത കൂട്ടാനും കുറയ്ക്കാനും കഴിയും.

ലോകത്ത് ഇതേവരെ കേള്‍വിശക്തി പൂര്‍ണമായും കുറഞ്ഞവര്‍ക്കായി ഒരു ഉപകരണം കണ്ടെത്തിയിട്ടില്ലെന്ന വസ്തുതയാണ് ശ്രീഹരിയുടെ കണ്ടുപിടിത്തത്തിന്റെ മൂല്യം ഉയരുന്നത്.പകുതി കേള്‍വി ശക്തിയുള്ളവര്‍ക്ക് വേണ്ടിയുള്ള ഉപകരണം രൂപപ്പെടുത്താന്‍ 25,000 രൂപവരെ ചിലവ് വരും.സി ഡാറ്റ് അടുത്തിടെ ഇറക്കിയ മറ്റൊരുപകരണത്തിന്റെ വിലയും അയ്യായിരും രൂപയാണ്.ഇതും പകുതി കേള്‍വിയുള്ളവര്‍ക്കേ ഉപകരിക്കൂ.ഈ സ്ഥാനത്താണ് വെറും അഞ്ഞൂറ് രൂപ ചിലവില്‍ കെ ബി ശ്രീഹരി ഈ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്.

അടുത്ത മാസം 25 മുതല്‍ മൂന്ന് ദിവസം ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടക്കുന്ന ദേശീയ ഇന്‍സ്പയര്‍ പ്രദര്‍ശനത്തിന് മുമ്പ് തന്റെ ഉപകരണം റിസ്റ്റ് വാച്ചിന്റെ രൂപത്തിലാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ശ്രീഹരി.അച്ഛന്‍ കെ വി ബിജു നെടുമുടി എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അദ്ധ്യാപകനും അമ്മ മായ തിരുവമ്പാടി സ്‌കൂളിലെ ശാസ്ത്ര അദ്ധ്യാപികയുമാണ്.കെ ബി ശ്രീഹര്‍ഷന്‍ എന്ന പേരില്‍ ഒരനുജന്‍ കൂടി ശ്രീഹരിക്ക് ഉണ്ട്.

അനുമോദിച്ചു

ആലപ്പുഴ:ഓള്‍ ഇന്ത്യ സയന്‍സ് ഇന്‍സ്പയര്‍ മത്സരത്തിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ ഒരാളായ തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കെ ബി ശ്രീഹരി നമ്പൂതിരിയെ അനുമോദിച്ചു.തിരുവമ്പാടി സ്‌കൂള്‍ മിനിഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ആലപ്പുഴ ഡെപ്പ്യൂട്ടി എഡ്യുക്കേഷണല്‍ ഡയറക്ടര്‍ വി അശോകന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ശ്രീഹരിയെ പൊന്നാടയണിയിച്ച് ആദരിച്ചു.സ്‌കൂള്‍ മാനേജര്‍ ബാലകൃഷ്ണന്‍ ജി കുറുപ്പ് അധ്യക്ഷനായി.ആലപ്പുഴ എസ് ഡി കോളജിലെ ഫിസിക്‌സ് വിഭാഗം മേധാവി ഡോ.ശ്രീജിത്ത് കെ പിഷാരടി,പത്രപ്രവര്‍ത്തകന്‍ ജി സതീഷ്,സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ജെ ജയകുമാര്‍,ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കെ ആര്‍ ജ്യോതി,എല്‍ പി എസ് ഇംഗ്ലീഷ് മീഡിയത്തിലെ ഹെഡ്മിസ്ട്രസ് സുശീലാദേവി എന്നിവര്‍ സംസാരിച്ചു.

Leave a Reply