728-pixel-x-90-2-learn
728-pixel-x-90
<< >>

സദാചാരം @ കേരളം:നിന്റെ പ്രാണ പ്രിയനെ ഞങ്ങള്‍ ചവിട്ടി കൂട്ടി

വല്ലവനും ചുംബിച്ചാല്‍ സാംസ്കാരിക പൈതൃകവും മാനം മുട്ടി നില്‍ക്കുന്ന സദാചാരവും ഇടിഞ്ഞു വീഴുമോ.ഇതൊന്നും കേരളത്തിലെ സംസ്കാരത്തിന് ചേര്‍ന്നതല്ല എന്നാണ് പലരും പറയുന്നത്.ഹഗ്ഗ് (HUG) ചെയ്യുന്നതിന്റെ മലയാളം ‘ആലിംഗനം ചെയ്യുക’ എന്നതാണ്.ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആലിംഗനം ചെയ്ത വ്യക്തി കേരളത്തിലാണ് ജീവിക്കുന്നത്.ആലിംഗനവും ചുംബനവും തമ്മില്‍ ഒന്ന് താരതമ്യം ചെയ്താല്‍ ‘ചുംബനം’ തോറ്റു തൊപ്പിയിടും.ആലിംഗനത്തില്‍ ഒരു ദുഷ്ടലാക്ക് ഒളിപ്പിച്ചു വെച്ചാല്‍ ആരും അറിയില്ല.ചിലതെല്ലാം നടക്കുകയും ചെയ്യും.തെറ്റിദ്ധരിക്കരുത്.ധൃതരാഷ്ട്രരുടെ ആലിംഗനത്തെ കുറിച്ചാണ് പറഞ്ഞത്.

കഴിഞ്ഞ വരിയില്‍ പറഞ്ഞ ആ തെറ്റിദ്ധാരണയിലാണ് ഇടത്തരക്കാരായ മലയാളിയുടെ സദാചാരബോധം പടുത്തുയര്‍ത്തിയിരിക്കുന്നത്.ബസില്‍ വച്ച് സ്വന്തം പെങ്ങളെയോ ഭാര്യയെയോ ഏതെങ്കിലും ചില മനോനിയന്ത്രണം ഇല്ലാത്ത സമൂഹിക വിരുദ്ധന്‍ തോണ്ടിയതിനു ‘പ്രണയം’ നിരോധിക്കണം എന്ന് വാശി പിടിച്ച്  ഹോട്ടല്‍ തല്ലിപ്പൊളിക്കുന്ന മലയാളി.അങ്ങനെയെങ്കില്‍ എത്രയോ കാലം മുന്‍പ് തന്നെ തിരക്കുള്ള ബസുകള്‍ തല്ലിപ്പൊളിക്കണമായിരുന്നു.പെണ്ണിന്റെ സമ്മതം ഇല്ലാതെ കടന്നാക്രമണം നടത്താന്‍ വേദിയോരുക്കുന്ന ബസുകള്‍ ,സിനിമാശാലകള്‍ ഇവയൊക്കെ കേരളത്തിലെ സാംസ്കാരിക നിലക്കണ്ണാടികളാണ്.

യാത്രാ ബസുകളില്‍ രണ്ടു പേരില്‍ കൂടുതല്‍ ആളുകളെ നിര്‍ത്തി സഞ്ചരിക്കാന്‍ നിയമപരമായി പാടില്ല.കൂടുതല്‍ പേരെ കയറ്റുന്നത് ഈ ടച്ചിംഗ് ,പോളിഷിംഗ്  പരിപാടിക്ക് അവസരം ഒരുക്കുന്നതിനാണ്‌ എന്ന് പറഞ്ഞു അടിച്ച് തകര്‍ക്കണ്ടേ.സിനിമാ കാണാന്‍ പോകുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്ന സാമൂഹിക വിരുദ്ധര്‍ക്ക് അവസരം ഒരുക്കുന്നതിന് സിനിമാ ശാലകള്‍ അടിച്ച് പൊളിക്കണ്ടേ???

പക്ഷേ സിനിമാ ശാല ഒരു പൊതു സ്ഥലം ആണെന്ന കാര്യം മറന്നു A എന്നൊരു അക്ഷരം പോലും എഴുതി കാണിക്കാതെ തിക്കുറിശ്ശി മുതല്‍ കുഞ്ചാക്കോ ബോബന്‍ വരെയുള്ളവര്‍ ചുംബിച്ചപ്പോള്‍ ഒക്കെ ജനം ഇരച്ച് കയറി.കൂടെ സദാചാര പോലീസും കയറി.എല്ലാ വികാരങ്ങളും അടക്കി പിടിച്ച് വീട്ടില്‍ പോയി കിടന്നുറങ്ങി.കല്യാണം കഴിച്ചവര്‍ സ്വന്തം ഭാര്യയെ മാത്രം ഓര്‍ത്തു.അല്ലാത്ത സദാചാര വാദികള്‍ പ്രണയിനിയെ ഓര്‍ത്തില്ല.മറ്റൊന്നും ചെയ്തില്ല.ഛീ..ഇതൊക്കെ നമ്മുടെ സംസ്കാരത്തിനു ചേര്‍ന്നതാണോ????

പുസ്തകക്കടകള്‍ പോലും ജീര്‍ണ്ണിച്ചിരിക്കുന്നു.കാമസൂത്രം എന്ന പുസ്തകം പരസ്യമായി വില്‍ക്കാന്‍ വെച്ചിരിക്കുന്നു.ഇതെഴുതിയ വാത്സ്യായന്‍ ഒരു മഹര്‍ഷി ആണെന്നൊക്കെ പറയുന്നു.ഉത്തമ ഗീതം അത്രത്തോളം പറഞ്ഞിട്ടില്ല.എങ്കിലും ചില പരസ്യ കലാപരിപാടികള്‍ അതിലും പറയുന്നു.

3:2
ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാന്‍ പറഞ്ഞു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.

3:3

നഗരത്തില്‍ സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു.
ചോദ്യം മറൈന്‍ ഡ്രൈവിലോ കോഴിക്കോട്ട് അങ്ങാടിയിലോ ആണെങ്കില്‍ മറുപടി കാവല്‍ക്കാര്‍ പറയും
‘ഞങ്ങള്‍ നിന്റെ പ്രാണ പ്രിയനെ പെരുവഴിയില്‍ ഇട്ട് ചവിട്ടി കൂട്ടി…@ കേരള സദാചാരം’

 

Leave a Reply