കൊച്ചി:വരയുടെ മിശിഹാമാരുടെ സംഘടനയായ കാര്‍ട്ടൂണ്‍ അക്കാദമിക്ക് നവ സാന്നിധ്യം.പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ നേതൃത്വത്തിലുള്ള നവോത്ഥാന മുന്നണി വന്‍ മുന്നേറ്റമാണ് കാര്‍ട്ടൂണ്‍ അക്കാദമി തെരഞ്ഞെടുപ്പില്‍ നടത്തിയത്.പുതുതായി തെരഞ്ഞെടുക്കപ്പെട്ട പതിനാറംഗ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ പന്ത്രണ്ടു പേരും യുവ രക്തത്തിനു മുന്‍തൂക്കം നല്കി സുകുമാര്‍ നയിച്ച നവോത്ഥാനമുന്നണിയില് നിന്നാണ്.
സുകുമാര്‍ ചെയര്‍മാനും ഇബ്രാഹിം ബാദുഷയും ബി സജീവും വൈസ് ചെയര്മാന്മാരുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് സുധീര്‍ നാഥാണ്.ജോയിന്റ് സെക്രട്ടറിയായി ദിലീപ് തിരുവട്ടാറും ട്രഷററായി ജയരാജ് വെള്ളൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. അനില്‍ വേഗ,അരവിന്ദന്,ഇ പി പീറ്റര്‍,സുരേന്ദ്രന് വരച്ചാല്‍,എം എസ് മോഹനചന്ദ്രന്,ബഷീര്‍ കീഴിശ്ശേരി,മധൂസ്,പ്രശോഭ് രവി,രാകേഷ് അന്സേര,ബൈജു പൗലോസ് എന്നിവരാണ് ഇതര കമ്മിറ്റി അംഗങ്ങള്‍.
ആസ്ഥാന മന്ദിര നിര്‍മ്മാണമാണ് പുതിയ കമ്മിറ്റിയുടെ പ്രഥമ കര്‍ത്തവ്യം എന്ന് ചെയര്മാന് സുകുമാര്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കളരികള്‍ സംഘടിപ്പിക്കുവാനും പരിപാടിയുണ്ടെന്നു ചെയര്മാന് പറഞ്ഞു. സുതാര്യവും ക്ഷേമോന്മുഖവുമായ പദ്ധതികളായിരിക്കും നവോത്ഥാന മുന്നണി ലക്ഷ്യമിടുക എന്നറിയുന്നു.
INDIANEWS24 KOCHI