728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളാ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി

കൊച്ചി: പി സി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ജോസഫ് ഗ്രൂപ്പിന്‍റെ ആവശ്യം കെ എം മാണി തള്ളിയതോടെ കേരള കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതിയുടെ യോഗതില്‍നിന്നു ജോസഫ് വിഭാഗം ഇറങ്ങിപ്പോയി. തുടര്‍ന്ന്, ജോസഫ് വിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നു.
യോഗത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി ജോസഫ് വിഭാഗം എഴുന്നേറ്റു. മാണി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും രംഗം ശാന്തമായില്ല. ഇതിനിടെ മറുപടി പറയാന്‍ ജോര്‍ജും എഴുന്നേറ്റു. ജോര്‍ജിനെ മാണി ന്യായീകരിക്കുകയും ചെയ്തു. ഇതോടെ ജോസഫ് ഗ്രൂപ്പുകാരായ അംഗങ്ങള്‍ ഇറങ്ങിപ്പോക്കുകയായിരുന്നു.
തുടര്‍ന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ പഠിക്കാന്‍ എന്ന പേരില്‍ സമിതിക്ക് രൂപംനല്‍കിയത്. കെ എം മാണി, സി എഫ് തോമസ്‌, പി ജെ ജോസഫ് എന്നിവരാണ്‌ അംഗങ്ങള്‍.
കേരളാ കോണ്‍ഗ്രസില്‍ ഏറെക്കാലമായി മാണി, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള പോര് ശക്തമാണ്. ഇത്തവണ പാര്‍ട്ടിക്ക് രണ്ട് ലോക്സഭാ സീറ്റ് ലഭിക്കണമെന്നും ഇടുക്കി സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിന് നല്‍കണമെന്നുമാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. എന്നാല്‍, ജോസഫ് ഗ്രൂപ്പിന് ലോക്സഭാ സീറ്റ് നല്‍കുന്നതില്‍ മാണിക്ക് താത്പര്യമില്ലെന്നാണ് സൂചനകള്‍.

Leave a Reply