728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ ശക്തമായ മഴ; അണക്കെട്ടുകള്‍ തുറന്നുവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴ കൂടുതല്‍ ശക്തിപ്രാപിച്ചു. പാലക്കാട് ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ തകര്‍ന്നു. വിവിധ ഭാഗങ്ങളിലായുള്ള അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ മലയോര തീരദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം. 21 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രണ്ട് ദിവസമായി തുടരുന്ന മഴ സംസ്ഥാനത്ത് പലയിടത്തും ജനജീവിതം ദുസ്സഹമാക്കി. മലപ്പുറം, വയനാട്, കോഴിക്കോട്,പാലക്കാട് ജില്ലകളില്‍ പലയിടത്തും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട്ടെ അട്ടപ്പാടിയിലുണ്ടായ ഉരുള്‍പ്പൊട്ടലിലാണ് നാല് വീടുകള്‍ തകര്‍ന്നത്. കൂടാതെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പലേടത്തും മരങ്ങള്‍ കടപുഴകി വീണു. അടിയന്തര സാഹചര്യം നേരിടാനെന്ന മുന്‍കരുതലില്‍ പാലക്കാട് ജില്ലാ കളക്ട്രേറ്റിലും മണ്ണാര്‍ക്കാടും കണ്‍ട്രോള്‍ റൂം തുടങ്ങിക്കഴിഞ്ഞു.

ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍, ഷോളയാര്‍, പെരിങ്ങള്‍ക്കുത്ത് അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷമാണ് ഷോളയാര്‍ അണക്കെട്ട് നിറയുന്നത്. പെരിങ്ങല്‍കുത്ത് അണക്കെട്ട് തുറന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം കൂടുതല്‍ ശക്തിയായാണ് നിറഞ്ഞൊഴുകുന്നത്.

കൊച്ചിയിലും കൊഴിക്കോട്ടും പലയിടത്തും വെള്ളക്കെട്ട് രൂപംകൊണ്ടത് യാത്രക്കാരെ വലച്ചു.കോട്ടയത്ത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചിങ്ങവനത്ത് നടന്നിരുന്ന റെയില്‍വേ ജോലികളും നിര്‍ത്തിവച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി ഉയര്‍ന്നു. ഇടുക്കിയില്‍ പലയിടത്തും കൃഷിനാശം നേരിട്ടു.

മൂന്ന് ദിവസമായി തുടരുന്ന മഴ അടുത്ത 48 മണിക്കൂര്‍ കൂടി ശക്തിയായി നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ശക്തി കുറഞ്ഞാലും വരുന്ന 21 വരെ മഴ തടുരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

INDIANEWS24.COM T V P M

Leave a Reply